ചെന്നൈ : ഇക്വഡോറിലെ ഒരു ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ച വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ സ്വാമി പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നൂവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതോടെ ദുരൂഹത തുടരുകയാണ്.
വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു സുന്ദരേശന്റെ വെളിപ്പെടുത്തല്‍. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്നാണ് അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.
മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.