കഴക്കൂട്ടത്ത് നിന്ന് കാണാതായ ബാലികയെ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തിങ്കളാഴ്ച ചേരുന്ന സമിതി സിറ്റിങ്ങില്‍ കുട്ടിയുടെ തുടര്‍സംരക്ഷണം സംബന്ധിച്ചു തീരുമാനമെടുക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷമാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്‌സ്പ്രസിലെ ബര്‍ത്തില്‍ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്തുവെച്ച് തിരിച്ചറിഞ്ഞത്.
വിശാഖപട്ടണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോമിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ആന്ധ്രയിലെത്തിയാണ് കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. അമ്മ അടിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയതാണെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഉറപ്പു നല്‍കിയാണ് കുട്ടി കേരളത്തിലേക്കു തിരിച്ചതെന്നു സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.