സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മാസം 18 പൊതുമേഖലാ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കേരളത്തിന്റെ സുപ്രധാനമായ രണ്ടു അഭിമാന സ്ഥാപനങ്ങളാണ് സപ്ലൈകോ എന്നറിയപ്പെടുന്ന കേരള സിവിൽ സപ്ലൈ കോർപറേഷനും പൊതു ഗതാഗത സംവിധാനമായ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷനും വലിയ ഉദ്ദേശ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഇവ രണ്ടും സമീപകാലങ്ങളായി ചർച്ചകളിൽ നിറയുന്നത്. സങ്കീർണ്ണമായ പ്രതിസന്ധികളുടെ പേരിലാണ്. ആയിരക്കണക്കിന് ജീവനക്കാരും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുമുണ്ട് ഈ രണ്ടു സ്ഥാപനങ്ങളിലും.
സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും അതോടൊപ്പം കെടുകാര്യസ്ഥതയുമാണ് ഇരു സ്ഥാപനങ്ങളെയും പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചത്. പക്ഷെ, അതിന്റെ പേരിൽ ഭക്ഷ്യധാന്യ . വിതരണവും പൊതു ഗതാഗത സംവിധാനവും ഇല്ലാതാവുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കും. സപ്ലൈ കോ പ്രതിസന്ധി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വലിയ വിലക്കയറ്റമാണ് സൃഷ്ടിക്കുക. നിസ്സാര കാരണങ്ങളിലൂടെ ഭക്ഷ്യ വിഹിതം കുറയ്ക്കുന്ന കേന്ദ്ര നയം കൂടിയാവുമ്പോൾ പ്രത്യേകിച്ചും കെ എഫ് സിയിൽ നിന്നും സംസ്ഥാനത്തിന് നേരിട്ട് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനാവില്ലെന്ന പുതിയ തീരുമാനവും കേരളീയ വിപണിയിൽ വിലക്കയറ്റത്തിന്
കാരണമാവും, അവിടെയൊക്കെ ഇടപെടലുകള്‍ക്ക് സപ്ലൈകോ പോലൊരു സ്ഥാപനം അനിവാര്യമാണ്.\
സംസ്ഥാന സര്‍ക്കാര്‍ 2500 കോടിയോളം കുടിശ്ശിക വരുത്തിയതാണ് കോര്‍പ്പറേഷന്റെ പ്രതിസന്ധിക്കു കാരണം. ഇക്കാര്യം ഭക്ഷ്യമന്ത്രി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ 1525 കോടിയും പൊതു വിപണിയില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ നല്‍കാനുള്ളതാണ്. 500 കോടി ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്കു വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബജറ്റില്‍ ഒന്നും നല്‍കിയില്ല. അതേസമയം കേരളീയത്തിനും വള്ളംകളിക്കുമെല്ലാം പണം ധൂര്‍ത്തടിക്കുകയും ചെയ്തു. മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഇല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതോടെ സപ്ലൈകോയുടെയും മാവേലി സ്‌റ്റോറുകളുടെയും നട്ടെല്ല് തകര്‍ന്നു.
ഭക്ഷ്യ വിതരണ രംഗത്തും പൊതുഗതാഗത രംഗത്തും സ്വകാര്യമേഖലക്കൊപ്പമാണ് സപ്ലൈകോയുടെയും കെ.എസ്.ആര്‍.ടിസിയുടെയും പ്രവര്‍ത്തനം. സ്വകാര്യ മേഖലയുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന വലിയൊരു ദൗത്യം കൂടി ഈ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതിനുള്ള ഗൗരവമായ ശ്രദ്ധയിലേക്ക് സര്‍ക്കാര്‍ പോകേണ്ടതുണ്ട്.
കേരളത്തെ പട്ടിണി രഹിത സംസ്ഥാനമായി നിലനിര്‍ത്തുന്നതിലും സ്വകാര്യ വാഹന ചൂഷണങ്ങളില്‍ നിന്നും പരിസ്ഥിതി മലിനീകരണത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതിനും നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഈ സ്ഥാപനങ്ങളുടെ അതിജീവനം കേരള ജനതയുടെ ഒന്നാകെയുള്ള ആവശ്യമാണ്.