യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പ്രത്യേകിച്ച് ദീർഘ ദൂര യാത്രകൾ. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ഇത്തരം വിനോദ യാത്രകൾ പലർക്കും ആസ്വദിക്കാൻ കഴിയാറില്ല. യാത്രകൾ ചെയ്യുമ്പോൾ ‘മോഷൻ സിക്ക്നെസ്’ അഥവാ ഛർദ്ദിക്കാനുള്ള പ്രവണത പലരുടെയും പ്രശ്‌നമാണ്. കാർ, ബസ്, ബോട്ട്, വിമാനം ഇങ്ങനെ യാത്ര ചെയ്യുന്ന വാഹനത്തെ ആശ്രയിച്ചും ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
യാത്ര ചെയ്യുന്ന സമയത്ത് ശരീരവും ചെവിയുടെ ഉൾഭാഗവും കണ്ണുകളും പരസ്പര വിരുദ്ധമായ സിഗ്നലുകൾ തലച്ചോറിലേക്ക് അയക്കുമ്പോഴാണ് ഈ അസ്വസ്ഥത ഉണ്ടാകുന്നത്. ഇതൊഴിവാക്കാൻ ചില എളുപ്പവഴികൾ പരിചയപ്പെടാം.
- യാത്രയ്‌ക്ക് മുൻപ് കലോറി കുറഞ്ഞ ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ മാത്രം കഴിക്കുക. കലോറികൂടിയതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങൾ യാത്ര ചെയ്യുമ്പോൾ അസ്വസ്ഥതകളുണ്ടാക്കും.
- യാത്രയ്‌ക്ക് മുൻപ് ഇത്തരം കലോറി കൂടിയ ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ജീരകവും പഞ്ചാരയുമടങ്ങിയ മിശ്രിതം കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.
- യാത്രയ്‌ക്കിടെ വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മദ്യം, കോഫീ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിന് കാരണമാകും.
- അയമോദകം കയ്യിൽ കരുതുന്നത് നല്ലതാണ്. ഇത് ചവച്ചരച്ച് കഴിച്ചാൽ യാത്രയ്‌ക്കിടെ അസ്വസ്ഥതകൾ തോന്നില്ല.
- ഇഞ്ചി, കുരുമുളക് എന്നിവയുടെ ഫ്ലേവറിലുള്ള മിഠായികൾ കഴിക്കുന്നത് ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാൻ സഹായിക്കും.
- പുകവലി ഒഴിവാക്കുക. യാത്രയ്‌ക്കിടെ പുകവലിക്കുന്നത് മോഷൻ സിക്ക്നസ് കൂടാൻ കാരണമാകും.
- കാറിന്റെയോ ബസിന്റെയോ മുൻവശത്ത് ഇരിക്കുക.
ഫ്ലൈറ്റുകളിലും ട്രെയിനുകളിലും വിൻഡോ സീറ്റ് തിരഞ്ഞെടുക്കുക