ഐസിയു പീഡനക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെങ്കില്‍ രണ്ടു ദിവസത്തിനകം സമരം നടത്തും; അതിജീവിത

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : കോഴിക്കോട് മെഡിക്കല്‍ കോളജി (Kozhikode Medical College) ലെ ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക് കടക്കുന്നു. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പോലീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് അതിജീവിത സമരത്തിനൊരുങ്ങുന്നത്. തന്റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീതിക്കെതിരെ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നാണ് അതിജീവിതയുടെ ആവശ്യം.

ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ല. കേസ് മുന്നോട്ടു പോകാത്തത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നും അതിജീവിത ആരോപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം തുടങ്ങാനാണ് അതിജീവിതയുടെ തീരുമാനം. പോലീസിനെതിരെ നിയമപരമായി നീങ്ങുമെന്നും അതിജീവിത വ്യക്തമാക്കി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ കണ്ട ശേഷമായിരുന്നു പ്രതികരണം.

താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഡോക്ടര്‍ പ്രീതി രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നാണ് അതിജീവിതയുടെ പരാതി. ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതില്‍ വീഴ്ചയില്ലെന്നുമാണ് ഇത് അന്വേഷിച്ച മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. എന്നാല്‍ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ നല്‍കിയ അപ്പീലില്‍ ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല. ഒപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്കായി അതിജീവിത ഒരാഴ്ച മുമ്പ്‌ കണ്ണുകെട്ടി സമരം നടത്തിയിരുന്നു.

See also  ജീവൻ വേണോ…ഒരു മിനിറ്റ് ശ്രദ്ധിക്കൂ ..

Leave a Comment