ബിന്നി സെബാസ്റ്റ്യനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ മറുപടിയുമായി ഭർത്താവ് നൂബിൻ ജോണി. പാഷൻ കൊണ്ടാണ് അഭിനയം ആരംഭിച്ചതെന്ന് ബിന്നി ബിഗ് ബോസിൽ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ അല്ലേ എന്നായിരുന്നു പോസ്റ്റ്. ഇതിനാണ് നൂബിൻ ജോണി കമൻ്റിൽ മറുപടി നൽകിയത്. ബിഗ് ബോസ് മലയാളം ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലെ പോസ്റ്റും കമൻ്റും ചർച്ചയാവുകയാണ്.
‘ചൈനയിൽ എംബിബിഎസ് പഠിച്ചിട്ട് നാട്ടിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ പാസാവാൻ പറ്റാത്തതുകൊണ്ടാണ് ബിന്നി മലയാളം സീരിയലിലേക്ക് പോയതെന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെ ആണെങ്കിൽ ബിബി 7ൽ പറഞ്ഞത് പാഷൻ കൊണ്ടാണ് അഭിനയമേഖലയിൽ വന്നതെന്നാണ്. ഇത് ഒരുകണക്കിന് തെറ്റിദ്ധരിപ്പിക്കൽ അല്ലേ?’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ ഇതിനെതിരെ ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ജോണി പ്രതികരിച്ചു. ‘തനിക്ക് നാണം ഉണ്ടോടോ ഇങ്ങനെ വന്ന് പറയാൻ. വേറെ നെഗറ്റീവ് പറയാൻ കിട്ടാത്തത് കൊണ്ടാണോ? അവൾ നല്ല റെഡിക്ക് പഠിച്ച് പാസായതാണ്. അല്ലാതെ തന്നെപ്പോലെ നുണയും പറഞ്ഞ് നടക്കുകയല്ല’ എന്ന് നൂബിൻ കുറിച്ചു.
കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി എന്ന ഡോക്ടർ ജോസഫിൻ. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിന്നി എംബിബിഎസ് പഠിക്കാൻ ചൈനയിലേക്ക് പോവുകയായിരുന്നു. നാട്ടിൽ തിരികെയെത്തി നടൻ നൂബിൻ ജോണിയെ വിവാഹം കഴിച്ചതോടെയാണ് ബിന്നി അഭിനയ കരിയർ ആരംഭിച്ചത്.
കുടുംബവിളക്ക് സീരിയലിലൂടെ പ്രശസ്തനായ നൂബിൻ ജോണിയ്ക്കൊപ്പം ഒരു അവാർഡ് പരിപാടിക്ക് പോയതാണ് ബിന്നിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അവാർഡ് പരിപാടിയിൽ വച്ച് ബിന്നിയെ കണ്ട ഗീതാഗോവിന്ദം അണിയറ പ്രവർത്തകർ ഇവർക്ക് സീരിയലിലെ പ്രധാന വേഷം വാഗ്ദാനം ചെയ്തു. ആദ്യം മടിച്ചെങ്കിലും ബിന്നി പിന്നീട് ഈ ഓഫർ സ്വീകരിക്കുകയായിരുന്നു.