കാറിന് തീപിടിച്ച് ഗൃഹനാഥൻ വെന്തുമരിച്ചു…

Written by Web Desk1

Published on:

ചാത്തന്നൂർ: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥൻ വെന്തുമരിച്ചു. കാർ പൂർണമായി നശിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാത്തന്നൂർ സ്‌പിന്നിംഗ് മില്ലിന് സമീപം മാൻകുന്നം ആശുപത്രിക്ക് മുന്നിൽ നിർമ്മാണം നടക്കുന്നിടത്ത് ഇന്നലെ വൈകിട്ട് 6.55നായിരുന്നു സംഭവം.

കൊല്ലം (Kollam) : ചിറക്കര കാരംകോട് തട്ടാരുകോണത്തിൽ ജയ്‌നു നിവാസിൽ ജയ്‌നുവാണ് (58) മരിച്ചതെന്ന് കരുതുന്നു. മങ്ങാട് നാടമ്പുവിള വടക്കതിൽ റോയി ഹിലാരിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. റോയിയുടെ ഭാര്യ അഞ്ജിതയുടെ പിതാവാണ് ജയ്‌നു. ഇന്നലെ രാവിലെ ക്ഷേത്രത്തിലേയ്‌ക്കെന്ന് പറഞ്ഞാണ് ജയ്‌നു കാറുമായി പോയത്. ഇദ്ദേഹത്തെ ഉച്ചയ്ക്ക് 1.30ന് ചാത്തന്നൂർ കുരുശുംമൂട് ഭാഗത്തായി കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടിന് ശേഷം ജയ്‌നുവിനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചിരുന്നു.കാർ കത്തിയ പ്രദേശത്ത് ജോലികൾ നടക്കുന്നതിനാൽ റോഡ് അടച്ചിട്ടിരിക്കുകയാണ്. ആളൊഴിഞ്ഞ പ്രദേശം കൂടിയാണിവിടം. കാർ ഒതുക്കിയശേഷം തീയിട്ടതാകാമെന്ന് കരുതുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു.

ഈ സമയം തിരുവനന്തപുരത്ത് നിന്ന് മറ്റൊരു കാറിൽ മങ്ങാട്ടുള്ള വീട്ടിലേക്ക് പോകുകയായിരുന്ന റോയ് ഹിലാരിയും ഭാര്യയും ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലെത്തിയപ്പോൾ ആളുകൂടി നിൽക്കുന്നത് കണ്ട് റോഡിലിറങ്ങി കാര്യം തിരക്കി. കാറിന്റെ നമ്പർ പറഞ്ഞപ്പോൾ തന്റെ കാറാണ് കത്തിയതെന്ന് റോയ് പൊലീസിനെ അറിയിച്ചു.

ഇതിൽ നിന്നാണ് ജയ്‌നുവാകാമെന്ന നിഗമനത്തിൽ പൊലീസെത്തിയത്.പരവൂർ ഫയർഫോഴ്‌സെത്തി 15മിനിറ്റിലധികം പ്രയത്‌നിച്ചാണ് തീ അണച്ചത്. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഡി.എൻ.എ പരിശോധനയിലൂടെയേ മരിച്ചത് ജയ്‌നു തന്നെയെന്ന് ഉറപ്പിക്കാനാകൂവെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related News

Related News

Leave a Comment