കൊച്ചി: കുടുംബ വീടിനോട് ചേര്‍ന്നുള്ള കുടുംബ ക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ട് എന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയത്.
നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് ദിവസമാണ് വടകര ചാത്തോത്ത് ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. തിറ മഹോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം എല്ലാ വര്‍ഷവും നടത്താറുണ്ട്. 500 വര്‍ഷമായി പരമ്പരാഗതമായി കുടുംബം അനുഷ്ഠിച്ച് പോരുന്ന ആചാരമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
കോഴി വീട്ടില്‍ വളര്‍ത്തുന്നതാണെന്നും വന്യമൃഗ സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് ഈ ആചാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയുടെ ഉത്തരവിനെതിരെ പരാതി നല്‍കിയത്. ഇതിനെതിരെയാണ് വടകര ചാത്തോത്ത് തറവാട്ടിലെ പുഷ്പലത ഹൈക്കോടതിയെ സമീപിച്ചത്.