Saturday, April 5, 2025

ബിജെപിയിലെ ഗ്രൂപ്പ് പോര് ! സുരേഷ് ഗോപിയുടെ പ്രചരണം ഇഴയുന്നു….

Must read

- Advertisement -

തൃശൂർ (Thrisur) : തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം മന്ദഗതിയില്‍. സുരേഷ് ഗോപി (Suresh Gopi) യോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് ബിജെപി ജില്ലാ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറി (BJP district president KK Anish Kumar) നെ പിന്തുണയ്ക്കുന്ന ജില്ലയിലെ ഒരു ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരുമാണ് സുരേഷ് ഗോപിക്കു വേണ്ടിയുള്ള പ്രചരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. ജില്ലയില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അനീഷ് കുമാറിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

അനീഷ് കുമാറിനു സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ തോല്‍വി വഴങ്ങിയിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇത്തവണ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് ജില്ലയില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെ തന്നെ മത്സരിപ്പിക്കുന്നതാണ് പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുകയെന്നും അഭിപ്രായമുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ ഈ താല്‍പര്യം അവഗണിച്ചാണ് സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും സുരേഷ് ഗോപിയെ തൃശൂരില്‍ ഇറക്കിയത്.

അതേസമയം തൃശൂര്‍ ലോക്സഭാ സീറ്റില്‍ ഇത്തവണയും മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് ബിജെപി തൃശൂരിനെ കാണുന്നത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൂടിയാകുമ്പോള്‍ തൃശൂരില്‍ അത്ഭുതം സൃഷ്ടിക്കാമെന്ന് ബിജെപി കരുതിയിരുന്നു. എന്നാല്‍ വി.എസ്.സുനില്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ തൃശൂരില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയപ്രതീക്ഷ വളരെ കുറവാണെന്ന് തൃശൂരിലെ ബിജെപി നേതൃത്വവും വിലയിരുത്തുന്നു.

മികച്ച സംവാദകനും പ്രാസംഗികനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയവും ഉള്ള നേതാവാണ് സുനില്‍ കുമാര്‍. നാട്ടുകാര്‍ക്ക് സുപരിചിതനായ സുനില്‍ കുമാര്‍ തൃശൂരില്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളും കൃത്യമായി പോള്‍ ചെയ്യപ്പെടും എന്ന് ഉറപ്പായി. എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ രാഷ്ട്രീയ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ ആക്കിയാല്‍ തൃശൂരില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ശക്തമായ ഇടത് വിരുദ്ധത പ്രകടമായ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. സുനില്‍ കുമാറിനേക്കാള്‍ ജനപ്രീതി കുറഞ്ഞ രാജാജി മാത്യു തോമസ് 2019 ല്‍ 3,21,456 വോട്ടുകള്‍ നേടി. സുരേഷ് ഗോപി 2,93,822 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. ഇത്തവണ എല്‍ഡിഎഫിന് 2019 നേക്കാള്‍ കാര്യങ്ങള്‍ അനുകൂലമാണ്. മാത്രമല്ല തൃശൂര്‍ ജില്ലയ്ക്ക് സുപരിചിതനും ജനകീയനുമായ സുനില്‍ കുമാര്‍ സിപിഐ സ്ഥാനാര്‍ഥിയായി എത്തിയിരിക്കുന്നു. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതു വിലയിരുത്തല്‍.

See also  ഇന്നത്തെ നക്ഷത്രഫലം

മാത്രമല്ല തൃശൂരില്‍ സുരേഷ് ഗോപിയുടെ ജനപ്രീതിക്ക് വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. മണിപ്പൂര്‍ വിഷയത്തിലെ സുരേഷ് ഗോപിയുടെ തീവ്ര നിലപാട് തൃശൂരിലെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപിക്ക് പുറത്തുനിന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. 2019 ല്‍ നിഷ്പക്ഷ ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അതിനുള്ള സാധ്യതകള്‍ കുറവാണെന്ന് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article