ഭോപാൽ (Bhopal): മധ്യപ്രദേശിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം. ലാവണ്യ (11) ആണ് മരിച്ചത്. (An 11-year-old girl died after inhaling smoke from an electric scooter that caught fire in Madhya Pradesh. Lavanya (11) died.) രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. ഭഗവത് മൗര്യ എന്നയാളുടെ വീടിന് പുറത്ത് വാഹനം ചാർജ് ചെയ്യാൻ വെച്ചിരുന്നു. ഇതിനിടെ സ്കൂട്ടറിൽ തീ പിടിക്കുകയായിരുന്നു. തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. സ്കൂട്ടർ ചാർജിലിട്ട ശേഷം കുടുംബം ഉറങ്ങാൻ കിടന്നു. ഇതിനിടെ വീട്ടിലേക്ക് പുക കടന്നതോടെയാണ് ഇവർ ഉറക്കമുണർന്നത്.
ഇതിന് പിന്നാലെ മറ്റുള്ളവരെല്ലാം പുറത്തേക്ക് ഓടിയെങ്കിലും 11കാരി വീടിന് ഉള്ളിൽ അകപ്പെടുകയായിരുന്നു. പുക ശ്വസിച്ചുണ്ടായ ശ്വാസ തടസമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഗുജറാത്തിലെ വീട്ടിലേക്ക് തൊട്ടടുത്ത ദിവസം മടങ്ങാനിരിക്കെയായിരുന്നു ലാവണ്യയുടെ മരണം.