പാർട്ടിപ്രഖ്യാനത്തിന് മുമ്പ് അൻവറിന് തിരിച്ചടി, അൻവറിന്റെ ഡിഎംകെയെ കയ്യൊഴിഞ്ഞ് തമിഴ്‌നാട് ഡിഎംകെ

Written by Taniniram

Published on:

നിലമ്പൂർ എംഎൽഎ അൻവറിനെ തമിഴ്നാട്ടിലെ ഭരണപ്പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തള്ളി. അവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്നാണ് ഡിഎംകെ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നാണ് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍റെ പ്രതികരണം.

സഖ്യകക്ഷികളിൽ നിന്നുള്ള വിമതരെ ഉൾക്കൊള്ളുന്ന പതിവ് പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയാണ് ഡിഎംകെ. കോൺഗ്രസ് – ഡിഎംകെ പിന്തുണയിൽ രണ്ട് എംപിമാരാണ് സിപിഎമ്മിന് അവിടെയുള്ളത്. കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നയാളാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ.

ഡിഎംകെ കേരള സംസ്ഥാന സെക്രട്ടറി എആർ മുരുഗേശന് നേരത്തെ പാർട്ടിയിൽ അംഗമാകാനുള്ള താല്പര്യം അറിയിച്ച് അൻവർ കത്ത് നൽകിയിരുന്നു. എന്നാൽ അൻവറിന്‍റെ സംഘടനയുടെ പേരായ ഡിഎംകെയും തമിഴ്നാട്ടിലെ ഭരണപ്പാർട്ടിയായ ഡിഎംകെയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മുരുഗേശൻ അറിയിച്ചു. അൻവർ നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ നേതൃത്വവുമായി ചർച്ച ചെയ്യും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയിരുന്നു. ചെന്നൈയിൽ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. മതേതരത്വത്തിന്റെ മുഖമായ ഡിഎംകെ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ്. ഇന്ന് ഡിഎംകെ നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നുമായിരുന്നു ഇന്ന് വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലുള്ള സാമൂഹിക കൂട്ടായ്മ പ്രഖ്യാപിക്കുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്. പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്ഥാനം നഷ്ടപ്പെടുമെന്നതിനാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ഡിഎംകെയെ പ്രഖ്യാപിക്കുന്നത് എന്നാണ് സൂചനകൾ. അയോഗ്യതയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നിയമോപദേശമടക്കം തേടിയ ശേഷമാണ് പുതിയ നീക്കം.

See also  വൈഷ്ണയെ ഇൻഷുറൻസ് ഓഫീസിൽ ക്രൂരമായി കത്തിച്ചു കൊന്നത് ഭർത്താവിന്റെ സംശയ രോഗം മൂലമെന്ന് പൊലീസ്

Related News

Related News

Leave a Comment