രാജ്യം ഞെട്ടിയ തീരുമാനമായിരുന്നു 2016ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം. (The Modi government’s demonetization in 2016 was a decision that shocked the country.) നവംബർ എട്ടിന് അർധരാത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ പോലും മൂക്കത്ത് വിരലുവെച്ചു. ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ജനകോടികൾക്കുമേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സാമ്പത്തിക കടന്നാക്രമണത്തിന് ഇന്ന് ഒമ്പതു വർഷം തികയുകയാണ്.
രാജ്യത്തെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുള്ള ഏക പോംവഴി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിക്കലാണെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കള്ളപ്പണത്തിനെതിരെയുള്ള മാസ്‌റ്റർ സ്‌ട്രോക്ക് എന്നും സർജിക്കൽ സ്‌ട്രൈക്ക് എന്നും വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും അർഥശാസ്‌ത്ര പണ്ഡിതരും വാഴ്‌ത്തിയ പ്രഖ്യാപനം തുഗ്ലക്ക് പരിഷ്‌കാരത്തിന് തുല്യമായ മണ്ടത്തരമാണെന്ന് കാലം തെളിയിച്ചു.
കോടിക്കണക്കിനു പേരുടെ ജീവിതമാർഗം തകർന്നു. ഈ വിഷയത്തിൽ നൂറുകണക്കിനു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എടിഎമുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിന്ന് കുഴഞ്ഞുവീണ മരിച്ചവരുണ്ട്. തുടങ്ങിയ സംരംഭങ്ങൾ പൂട്ടേണ്ടിവന്ന നിരാശയിൽ ആത്മഹത്യയിലേക്ക് തള്ളിയിടപ്പെട്ടവരുമുണ്ട്. നോട്ട് നിരോധനത്തിന് മൂന്നു സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു വീമ്പുപറച്ചിൽ.
കള്ളപ്പണം പൂർണമായും ഇല്ലാതാക്കുക, കള്ളനോട്ടുകൾ പൂർണമായും നിർമാർജനം ചെയ്യുക, ഡിജിറ്റൽ ഇടപാടുകളിലൂടെ കാഷ്‌ലെസ് സമ്പദ്‌ഘടന സൃഷ്‌ടിക്കുക എന്നിവ. കണക്കിൽപ്പെടാത്ത കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ചാണ് തീവ്രവാദികൾ രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നതെന്നും ഇവ രണ്ടും തടയുന്നതോടെ രാജ്യം തീവ്രവാദ ഭീഷണിയിൽനിന്ന് മുക്തമാകുമെന്നും മോദി വാദിച്ചു.


