കളിയ്ക്കുന്നതിനിടെ ഷോക്കേറ്റ് പിടഞ്ഞ് വീണ സഹോദരനെ വയര്‍ തട്ടിമാറ്റി, സിപിആര്‍ നല്കി അനുജന്‍

Written by Web Desk1

Published on:

മലപ്പുറം (Malappuram) : വീട്ടില്‍ കളിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി അനുജന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ജിത്തി (Payyanad Pilakkal Melekalam Rijiljit) നാണ് അനിയന്‍ റിനില്‍ജിത്ത് (Riniljit) രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി മുറിയില്‍ കളിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടേബിള്‍ഫാനിന്റെ വയര്‍ കാല്‍തട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റ കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാല്‍ പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് റിനില്‍ ജിത്ത് ജ്യേഷ്ഠനെ രക്ഷിക്കുകയായിരുന്നു.

ഉടന്‍ തന്നെ ജ്യേഷ്ഠനെ അനിയന്‍ കയറി പിടിച്ചു. ഷോക്കേറ്റ് തെറിച്ചു വീണെങ്കിലും അനുജന്‍ സാഹസികമായി കൈകൊണ്ടു തന്നെ ഫാനിന്റെ പൊട്ടിയ വയര്‍ തട്ടി മാറ്റി. ബഹളവും നിലവിളിയും കേട്ട് ബന്ധുക്കളും ഓടിയെത്തി. ഇതിനിടെ ബോധം നഷ്ടപ്പെട്ട സഹോദരന്റെ മുഖത്ത് റിനില്‍ ജിത്ത് വെള്ളം തളിച്ചു. അതോടൊപ്പം നെഞ്ചില്‍ കൈകള്‍ കൊണ്ട് അമര്‍ത്തി ശ്വാസം വീണ്ടെടുക്കാനുള്ള പ്രഥമ ശുശ്രൂഷയും റിനില്‍ ചെയ്തു.

തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. അപകട സമയത്തെ പെട്ടെന്നുള്ള ഇടപെടലാണ് റിജിലിനെ ജീവന്‍ രക്ഷപ്പെടുത്തിയത്. പയ്യനാട് പിലാക്കല്‍ മേലേക്കളം പ്രകാശ് -സുഷ ദമ്പതിമാരുടെ മക്കളാണിവര്‍. റിജില്‍ജിത്ത് മഞ്ചേരി ഗവ. ബോയ്‌സ് എച്ച്.എസ്.എസ്സില്‍ എട്ടാംക്ലാസിലും റിനില്‍ജിത്ത് വടക്കാങ്ങര യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.

Related News

Related News

Leave a Comment