വൈദ്യരംഗത്തെ ബദൽ ചികിത്സാ ലോബികളെ നിയന്ത്രിക്കണം

Written by Web Desk1

Published on:

ആരോഗ്യ മേഖലയിൽ ലോകത്തിനു തന്നെ മാതൃകയായ പല നേട്ടങ്ങളും കൈവരിച്ച നാടാണ് കേരളം. ഇവിടെ ആധുനിക വൈദ്യത്തെ കണ്ണടച്ച് എതിർക്കുന്ന ബദൽ ചികിത്സാ ലോബികൾ സ്വന്തം നിലയിൽ ഒരുക്കുന്ന പ്രസവ മുറികൾ മരണക്കുരുക്കായി മാറ്റുകയാണ്.

ആയുർദൈർഘ്യം മുതൽ മാതൃ-ശിശു മരണ നിരക്ക് വരെയുള്ള ആരോഗ്യ സംബന്ധമായ ഏതു മാനദണ്ഡങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളമെന്നത് തർക്കമില്ലാത്ത കാര്യമാണ്. 19 -)൦ നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ തിരുവിതാംകൂർ കേന്ദ്രീകരിച്ച് തുടങ്ങിയ ആരോഗ്യ വിപ്ലവം, ഐക്യ കേരളം യാഥാർഥ്യമായ ശേഷം കൂടുതൽ വ്യവസ്ഥാപിതവും ജനകീയവുമാക്കിയതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായതും വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കുന്നതുമായ ആരോഗ്യ ചികിത്സാ രംഗം കേരളത്തിൽ സാധ്യമായത്.

ഈ പ്രബുദ്ധതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും കേരളത്തിൽ തുടർക്കഥകളാണ്. വ്യാജ വൈദ്യത്തിനും മന്ത്രവാദ ചികിത്സയ്ക്കും സാമ്പത്തിക തട്ടിപ്പുകൾക്കും തലവച്ചു കൊടുക്കുന്ന മലയാളികളുടെ കഥ ഇന്ന് ഒരു വാർത്തയല്ല. ആവർത്തിച്ച് കൊണ്ടിരിക്കുന്ന സാധാരണ സംഭവങ്ങൾ മാത്രമാണവ. അക്കൂട്ടത്തിൽ അടുത്തകാലത്തായി കടന്നുവന്ന പുതിയൊരു ശീലമാണ്. വീട്ടിലെ പ്രസവം. പ്രകൃതി ചികിത്സാ, അക്യൂപങ്‌ചർ. തുടങ്ങിയ ചികിത്സാ മുറകളുടെ പേരിൽ തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രസവ സാഹസങ്ങൾ വരുത്തി വയ്ക്കുന്ന അപകടങ്ങൾ ചെറുതല്ല. 2022 ഓഗസ്റ്റിൽ മലപ്പുറം ജില്ലയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത്‌ ഗാർഹിക പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ടിരുന്നു. വ്യാജ അക്യൂപങ്‌ചർ ചികിത്സകന്റെ ഉപദേശം കേട്ടാണ് ഇവർ വീട്ടിൽ തന്നെ പ്രസവിക്കാൻ തീരുമാനിച്ചതത്രെ. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഗാർഹിക പ്രസവ നിരക്ക് വർധിക്കുന്നതായി ആരോഗ്യ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിവർഷം 700 വരെ ഗാർഹിക പ്രസവങ്ങൾ ഇവിടെ നടക്കുന്നുവെന്നാണ് കണക്ക്. ഇത്തരം പ്രസവങ്ങൾക്ക് പിന്നിൽ ഇവിടത്തെ ബദൽ ചികിത്സാ ലോബികൾ തന്നെയാണ്. സർക്കാർ തലത്തിൽ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉണ്ടെങ്കിലും അത് ഒഴിവാക്കി മരണകുരുക്കിലേക്ക് പോകുന്നവരെക്കുറിച്ചു എന്തുപറയാൻ.

ആദ്യം പങ്‌ചറിന്റെ പേരിൽ കേരളത്തിൽ വ്യാജ ചികിത്സകൾ സജീവമാകാൻ തുടങ്ങിയിട്ട് 10 വർഷത്തോളമായി. ഇത്തരം കേസുകളെല്ലാം കടലാസ്സിൽ ഒതുങ്ങുകയാണ്. .. ഇത്തരം ചികിത്സാ കൊലയാളികളെ കണ്ടെത്തുകയും തക്കതായ ശിക്ഷ നൽകാനുള്ള നിയമ നിർമ്മാണം നടത്തുകയും വേണം. ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടതാണ്.
.

Related News

Related News

Leave a Comment