പത്തനംതിട്ട (Pathanamthitta) : ആത്മഹത്യ ചെയ്ത കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു (ADM Naveen Babu) അഴിമതിക്കാരനല്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു (K.P Udayabhanu) നവീന്‍ മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച ആളാണെന്നും ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയില്‍ പെരുമാറേണ്ടത്. എ.ഡി.എമ്മിന്റെ മരണത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും കെ.പി. ഉദയഭാനു വ്യക്തമാക്കി.
കെ.പി. ഉദയഭാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലവും പത്തനംതിട്ടയില്‍ തന്നെയായിരുന്നതുകൊണ്ടും സി.പി.ഐ.എം – മായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്.
ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയില്‍ പല ഭാരവാഹിത്വത്തിലൂടെ നേതൃനിരയില്‍ അദ്ദേഹം ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവ വികാസങ്ങളേയും തുടര്‍ന്നുള്ള നവീന്റെ അത്മഹത്യയെയും സി.പി.ഐ.എം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ.ഡി.എം നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് അനുശോചനം രേഖപെടുത്തുന്നു.