തിരുവനന്തപുരം (Thiruvannthapuram) : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. (The rain is intensifying in the state. The Central Meteorological Department has warned that the rain will continue to intensify in the coming days.) ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ഒക്ടോബർ 17) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ (INCOIS) അറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 19 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്