ഹൈദരാബാദ് (Hyderabad) : മുൻ സഹപാഠിയെ വിവാഹം ചെയ്യാൻ തടസമായ മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന 30 കാരി അറസ്റ്റിൽ. (A 30-year-old woman has been arrested for strangling her three children to death after they were prevented from marrying a former classmate.) ഹൈദരാബാദിലെ അമീൻപൂരിലാണ് സംഭവം.
യുവതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെയും യുവതിയേയും അബോധാവസ്ഥയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ കുട്ടികളെ യുവതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. രജിത എന്ന 30കാരിയെയും സഹപാഠിയും കാമുകനുമായ സുരു ശിവകുമാറിനേയും സംഭവത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കി.
പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തതായാണ് സംഗ റെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് വിശദമാക്കിയത്. 8ഉം 10ഉം 12ഉം പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മാർച്ച് 28നാണ് രാഘവേന്ദ്ര നഗറിലുള്ള വീട്ടിൽ നിന്ന് രജിതയേയും കുട്ടികളേയും കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മൂന്ന് കുട്ടികളുടേയും മരണം സ്ഥിരീകരിച്ചിരുന്നു.
2013ൽ ചിന്നയ്യ എന്നയാളുമായി യുവതി വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ യുവതിക്ക് 3 കുട്ടികളുണ്ട്. 50കാരനുമായുള്ള വിവാഹ ബന്ധത്തിൽ സ്ഥിരമായി അസ്വാരസ്യം പതിവായിരുന്നു. ആറ് മാസം മുൻപ് പഠിച്ചിരുന്ന സ്കൂളിലെ റീ യൂണിയനിൽ വച്ച് യുവതി സുരു ശിവയെ കാണുകയായിരുന്നു.
ഈ സൗഹൃദം പെട്ടന്ന് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ വിവാഹം ചെയ്ത് ഒന്നിച്ച് കഴിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ ഉപേക്ഷിക്കണമെന്ന് സുരു ശിവ നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കിയത്. മാർച്ച് 27ന് മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനം യുവതി കാമുകനെ അറിയിക്കുകയും ചെയ്തിരുന്നു.
ഓരോരുത്തരെയായി തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി കുട്ടികൾ ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായെന്നാണ് ഭർത്താവിനോട് പറഞ്ഞത്. പിന്നാലെ യുവതിയും ബോധം കെട്ടുവീഴുന്നതായി അഭിനയിക്കുകയായിരുന്നു. പോസ്‌റ്റുമോർട്ടത്തിൽ ഭക്ഷ്യ വിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്.