ഒരു അടിപൊളി നാടൻ കൊഴുക്കട്ട ചായയ്‌ക്കൊപ്പം ആയാലോ….

Written by Web Desk1

Updated on:

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലും നല്ല നാടൻ പലഹാരങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ നാലുമണി പലഹാരമായി കഴിക്കാൻ തനി നാടൻ കൊഴുക്കട്ട തയ്യാറാക്കിയാലോ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട മിനിറ്റുകൾക്കുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. നാടൻ രീതിയിൽ കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ?

ആവശ്യമായ ചേരുവകൾ

ശർക്കര പൊടിച്ചത് – 200 ഗ്രാം
വറുത്ത അരിപ്പൊടി – 350 ഗ്രാം
തേങ്ങ – 2 കപ്പ്
ചെറിയ ജീരകം- ½ ടീസ്‌പൂൺ
ഏലക്ക – 6 എണ്ണം
ഉപ്പ് – ½ ടീസ്‌പൂൺ
നെയ്യ് – ½ ടേബിൾ സ്‌പൂൺ
വെളിച്ചെണ്ണ – ½ ടേബിൾ സ്‌പൂൺ
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് ശർക്കര പൊടിച്ച് ചേർക്കുക. ഇതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് സ്റ്റൗ ഓൺ ചെയ്‌ത് തുടർച്ചയായി ഇളക്കി കൊടുക്കുക. ശർക്കര നന്നായി അലിഞ്ഞു വരുമ്പോൾ അരിച്ചെടുത്ത് വീണ്ടും രണ്ട് മിനിറ്റ് നേരം തിളപ്പിക്കുക. ഇനി ഇതിലേക്ക് ചിരണ്ടി വച്ചിരിക്കുന്ന തേങ്ങാ ചേർത്ത് രണ്ട് മിനിറ്റ് നേരം വഴറ്റുക. ഇതിലേക്ക് ചെറിയ ജീരകം, ഏലക്ക എന്നിവ പൊടിച്ച് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി മാറ്റി വയ്ക്കാം.

സ്റ്റൗ ഓൺ ചെയ്‌ത് 2½ കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ½ ടീസ്‌പൂൺ ഉപ്പ് കൂടി ചേർക്കണം. ഇനി ഒരു ബൗളിലേക്ക് വറുത്ത അരിപൊടിയിട്ട് തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം നെയ്യ് ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകളിൽ തള്ളവിരൽ ഉപയോഗിച്ച് മാവിന്‍റെ നടുക്ക് കുഴിച്ച് തേങ്ങാ കൂട്ട് നിറച്ച് തുറന്നിരിക്കുന്ന ഭാഗം അടച്ച് വീണ്ടും പതുക്കെ ഉരുട്ടുക. ഇങ്ങനെ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ 10 മുതൽ 12 മിനിറ്റ് നേരം ആവിയിൽ വേവിക്കുക. ചൂടാറി കഴിയുമ്പോൾ കഴിക്കാം.

See also  എണ്ണമയം ഇല്ലാത്ത ഒരു നാലുമണി പലഹാരം…

Leave a Comment