വടക്കാഞ്ചേരി : അവർ അതീവ സന്തോഷത്തിലായിരുന്നു, പാട്ടും നൃത്തവും കൊണ്ട് ആഘോഷത്തിമിർപ്പിൽ ഒരു യാത്ര. ക്ലാസ് മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറംലോകത്തെ വേറിട്ട കാഴ്ചകൾ അവരിൽ അമ്പരപ്പും ആഹ്ലാദവും ജനിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി ബി.ആർ.സി യ്ക്ക് കീഴിൽ വരുന്ന 30 സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ACTS വടക്കാഞ്ചേരി ബ്രാഞ്ചും വടക്കാഞ്ചേരി സുഹൃത് സംഘം ദുബയ് (WSS) യും സംയുക്തമായി സംഘടിപ്പിച്ച വിനോദയാത്രയിലാണ് വിദ്യാർത്ഥികളുടെ ആഹ്ലാദം നിറഞ്ഞ മുഖങ്ങൾ കാണാനായത്.
യാത്രയോടനുബന്ധിച്ച് വടക്കാഞ്ചേരി BRCയിൽ നടന്ന രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സംഗമം സേവ്യാർ ചിറ്റിലപ്പിള്ളി എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ കോർപ്പറേഷൻ മേയറും ACTS ജനറൽ സെക്രട്ടറിയുമായ എം. കെ. വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ACTS വടക്കാഞ്ചേരി ബ്രാഞ്ച് പ്രസിഡൻ്റ് വി.വി. ഫ്രാൻസിസ്, അജിത് കുമാർ മല്ലയ, സമഗ്ര ശിക്ഷാ കേരളം കോർഡിനേറ്റർ സി.സി. ജയശ്രീ, വി. അനിരുദ്ധൻ, സജീവ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരിയിലുള്ള ഫ്ലോറ ഫാൻ്റസി അമ്യൂസ്മെൻ്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. 60ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.അപകടങ്ങളിൽ രക്ഷാപ്രവർത്തനവും സൗജന്യ അബുലൻസ് സർവ്വീസും നടത്തിവരുന്ന ജീവകാരുണ്യ സംഘടനയായ ACTSൻ്റെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നടത്തുന്ന 10 -ാമത് പരിപാടിയാണിത്.