ഉത്തരാഖണ്ഡ് ഏതൊരു ഇന്ത്യക്കാരനും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നാടാണ്. ദേവഭൂമിയായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ക്ഷേത്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമെല്ലാമുള്ള അതിമനോഹരമായ പ്രദേശം. ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ ഐ.ആര്‍.സി.ടി.സിയുടെ പാക്കേജില്‍ സന്ദര്‍ശിക്കാനുള്ള ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ചാര്‍ധാം വിമാനയാത്രാ പാക്കേജുമായാണ് ഐ.സി.ആര്‍.ടി.സി എത്തിയിരിക്കുന്നത്.
ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 6 മാസം മാത്രം നടത്തുന്ന അതിവിപുലമായ തീര്‍ത്ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ഹിന്ദു വിശ്വാസമനുസരിച്ച് മോക്ഷപ്രാപ്തിക്ക് സഹായകരമാകുന്ന തീര്‍ത്ഥാടന യാത്രയാണിത്. ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളും കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദര്‍ശിക്കാവുന്നതാണ്.