തൃശൂര്‍: റെയില്‍ പാളത്തിലെ ഇരുമ്പു ദണ്ഡില്‍ അട്ടിമറിയില്ലെന്ന് പോലീസ്. തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ (ഇരുമ്പ് റാഡ്) കയറ്റിവെച്ച സംഭവത്തില്‍ പ്രതി പിടിയില്‍ ആയതോടെയാണ് ദുരൂഹത അവസാനിച്ചത്. ആദ്യം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയിച്ചിരുന്നു. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. പ്രതി കഞ്ചാവിന് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാന്‍ വേണ്ട പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ട്രാക്കില്‍വെച്ച എന്തോ കഷ്ണത്തില്‍ ചരക്കുവണ്ടി തട്ടി ഇരുമ്പ് തെറിച്ചുപോയിട്ടുണ്ട് എന്നായിരുന്നു ലോക്കോ പൈലറ്റ് നല്‍കിയ സന്ദേശം. തുടര്‍ന്നുള്ള പരിശോധനയില്‍ ഗാര്‍ഡ് റെയിലിന്റെ കഷ്ണമാണ് ട്രാക്കില്‍ ഉണ്ടായിരുന്നതെന്നു വ്യക്തമാവുകയായിരുന്നു. പോലീസ് പിടിയിലായ ഹരി റെയില്‍വേ പരിസരത്ത് ആക്രി പെറുക്കി ജീവിക്കുന്നയാളാണ്. ഇരുമ്പ് കഷ്ണം വിറ്റാല്‍ പൈസ ലഭിക്കും എന്നാണ് ഹരി ആര്‍.പി.എഫിനോട് പറഞ്ഞത്. ഇരുമ്പ് കഷ്ണത്തിന് കനം കൂടുതലായതിനാല്‍ മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രെയിന്‍ കടന്നുപോകുന്ന പാളത്തില്‍ത്തന്നെ വെച്ചത് എന്നാണ് ഹരി പോലീസിനു നല്‍കിയ വിശദീകരണം.