തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഇനി ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി. കൃഷ്ണതേജയെ കേരള കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് കൃഷ്ണ തേജയ്ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തൃശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോകുന്നത്.
ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളാണ് ലഭിച്ചത്. കേരളത്തില്‍ കൃഷ്ണതോജയുടെ മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് പവന്‍ കല്യാണ്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് നിയമനം നല്‍കിയിരിക്കുന്നത്.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കളക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കോവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്പോണ്‍സര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രളയകാലത്തും മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.