ശിങ്കാരിമേളത്തിൽ പുതുചരിത്രമാകും ‘വീരാംഗന’

Written by Taniniram

Updated on:

കെ. ആർ. അജിത

അസുരവാദ്യത്തിന്റെ താളമല്ല വളയിട്ട കൈകളിൽ നിന്നുതിരുന്നത് ശിങ്കാരിമേളത്തിന്റെ ഗരിമയാർന്ന താളലയമാണ്.
നാളെ വടക്കുംനാഥന്റെ മണ്ണിൽ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ ശിങ്കാരി മേള മഴ പൊഴിക്കും. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ പതിനെട്ടോളം വരുന്ന സിഡിഎസ് പേഴ്സണൽമാരും മെമ്പർമാരും അടങ്ങുന്ന സംഘമാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. റെജുല കൃഷ്ണകുമാർ, ഷീല ശിവരാമൻ, രാജേശ്വരി, പ്രേമലത, ഗിരിജ, രത്ന, ദിവ്യ ഷാജി, മിനി പ്രവീൺ, ശോഭ, റംല, അനീഷ, വത്സല, സുരഭി, ശശികല, അസീന, അൽഫോൻസാ, ധന്യ എന്നിവരാണ് ശിങ്കാരിമേളത്തിൽ കാലപ്രമാണം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കുടുംബശ്രീ അംഗമായ ഗിരിജയുടെ മനസ്സിൽ ശിങ്കാരിമേളം എന്നൊരു ആശയം ഉടലെടുക്കുന്നത്. ഗിരിജയുടെ ഭർത്താവ് ശിങ്കാരിമേളം കലാകാരനാണ്. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറി ആയിരുന്ന ബിനുവിനോട് ഈ ആശയം പങ്കുവയ്ക്കുകയും അതുവഴി മേയർ എം കെ വർഗ്ഗീസിനോട് സംസാരിച്ചു. കുടുംബശ്രീ വഴി രണ്ട് ലക്ഷം ഫണ്ട് അനുവദിച്ച് ചെണ്ടയും കോലും മറ്റും വാങ്ങി പഠനം തുടർന്നു. പാതിവഴിയിൽ അധ്യാപകൻ നിർത്തി പോയപ്പോൾ പഠനം നിലച്ചു. തുടർന്ന് പുതിയ അധ്യാപകരായ സനു, സുധി എന്ന ആശാന്മാരുടെ കീഴിൽ ആറുമാസമായി ശിങ്കാരിമേളത്തിന്റെ ചടുല താളങ്ങൾക്കൊപ്പമായിരുന്നു ഈ വനിതകൾ. ശക്തനിലെ കുടുംബശ്രീ ഓഫീസാണ് ഇവരുടെ പഠന കളരി.

‘വീരാംഗന’ കുടുംബശ്രീ ശിങ്കാരിമേളം എന്ന പേരിൽ ഈ വനിതാ സംഘം ശിങ്കാരിമേളം അവതരിപ്പിച്ച വരുന്നുണ്ട്. ശിങ്കാരിമേളത്തിൽ ട്രെൻഡിന് അനുസരിച്ച് ഫ്യൂഷൻ ചേർത്ത് ആസ്വാദ്യകരമാക്കുകയാണെന്ന് ശിങ്കാരിമേളം കലാകാരി ദിവ്യ ഷാജി പറഞ്ഞു. ഇപ്പോൾ ശിങ്കാരിമേളത്തിൽ നൃത്തച്ചുവടുകൾക്കാണ് പ്രാധാന്യം. ആദ്യകാലങ്ങളിൽ ശിങ്കാരിമേളം നിന്ന് കൊട്ടൽ മാത്രമായിരുന്നു. ന്യൂജൻ ശിങ്കാരിമേളത്തിൽ നൃത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇവർ പറയുന്നു. 20 മുതൽ 60 വയസ്സുവരെയുള്ളവരുണ്ട് ഈ ശിങ്കാരിമേള സംഘത്തിൽ. ഉത്സവങ്ങൾ, ഉദ്ഘാടനങ്ങൾ, പെരുന്നാളുകൾ ഇവയ്ക്കെല്ലാം ഇവർ ചെണ്ടയിൽ വിസ്മയം തീർക്കാറുണ്ട്. തൊഴിൽ എന്നതിനേക്കാൾ ഉപരി മേളത്തിന്റെ വശ്യതയും ആഗ്രഹവുമാണ് ഈ മേള വഴിയിലേക്ക് ഇവരെ നയിച്ചത്.

ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് ഇവരോരോരുത്തരും ഈ കലസപര്യയിലേക്ക് എത്തിച്ചേർന്നത്. നാളെ വൈകിട്ട് ആറുമണിക്ക് വടക്കുന്നാഥന്റെ തെക്കേ ഗോപുര നടയിൽ.. ഈ വീരാംഗനമാർ ശിങ്കാരിമേളത്തിൽ പുതു ചരിത്രം കുറിക്കും..

See also  സ്കൂൾ ഉച്ചഭക്ഷണ പദ്ധതി(School Lunch Scheme)- ഉപജില്ലാതല പൊതുസഭ സംഘടിപ്പിച്ചു

Related News

Related News

Leave a Comment