ഗുരുവായൂര്‍ : ചരിത്രമുറങ്ങുന്ന പുന്നത്തൂര്‍ കോട്ട ഇനി പഴയ പ്രതാപം വീണ്ടെടുക്കും. കാലപ്പഴക്കത്താല്‍ ക്ഷയിച്ച ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ കോവിലകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിര്‍ത്തി മൂന്നു വര്‍ഷത്തിനകം പുന്നത്തൂര്‍ കോവിലകം പുതുക്കി പണിയാനാണ് തീരുമാനം. പുന്നത്തൂര്‍ കോട്ട എന്നറിയപ്പെടുന്നത് ആനക്കോട്ട എന്നാണ്. പഴയ പ്രൗഢിയിലേക്ക് മൂന്ന് വര്‍ഷത്തിനകം പുന്നത്തൂര്‍ കോട്ട തിരിച്ചുവരും. പുന്നത്തൂര്‍ കോട്ടയ്ക്കുള്ളില്‍ വേട്ടക്കാരന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി അനുവാദം ചോദിക്കല്‍ ചടങ്ങോടെയാണ് പുനര്‍ നവീകരണത്തിന് തുടക്കമിട്ടത്. കോവിലകത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്ന് ഒരു ഓട് ഇറക്കി അത് ക്ഷേത്രനടയില്‍ ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വി കെ വിജയന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
ആനത്താവളത്തിന്റെ മധ്യത്തിലാണ് ഈ ചരിത്ര സ്മാരകം നിലനില്‍ക്കുന്നത്. പുന്നത്തൂര്‍ കോവിലകം ഗുരുവായൂര്‍ ദേവസം ഏറ്റെടുത്ത് ആനത്താവളം ഇങ്ങോട്ട് മാറ്റിയത്. പുന്നത്തൂര്‍ രാജകുടുംബത്തിന്റെ 9 ഏക്കര്‍ 75 സെന്റ് സ്ഥലവും കോവിലകവും 1.6. ലക്ഷം രൂപയ്ക്കാണ് അന്ന് ഗുരുവായൂര്‍ ദേവസ്വം വാങ്ങിയത്. ചരിത്ര സ്മാരകമായ കോവിലകം സന്തോഷിക്കാന്‍ ദേവസ്വം ഒന്നും ചെയ്തില്ല. ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ രാധാകൃഷ്ണനും പി എ മുഹമ്മദ് റിയാസും കോവിലകം ചരിത്ര സ്മാരകമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെയാണ് ഇപ്പോള്‍ പുനര്‍നവീകരണം നടത്തുന്നത്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ജീവ ധനം ഡി.എ കെ.എസ്.മായാദേവി, അസി. മാനേജര്‍ മണികണ്ഠന്‍, മരാമത്ത് എക്‌സി.എന്‍ജീനിയര്‍ അശോക് കുമാര്‍, അസി.എക്‌സി.എന്‍ ജീനിയര്‍ വി.എ.സാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായി.
ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളത്തെ ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്സിനാണ് നിര്‍മ്മാണ ചുമതല. ആര്‍ക്കിടെക്റ്റായ തൃശുര്‍ പൂങ്കുന്നം സ്വദേശി വിനോദാണ് പദ്ധതി രേഖ തയ്യാറാക്കിയത്.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.