നരേന്ദ്രമോദിയുടെ കാർബൺ കോപ്പി പിണറായി വിജയൻ; കെ മുരളീധരൻ

Written by Taniniram1

Updated on:

തൃശൂര്‍ : കേരളത്തിന് പുറത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ (Narendra Modi) കാര്‍ബണ്‍ പതിപ്പാണ് പിണറായി വിജയനെന്ന് (Pinarayi Vijayan) തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ (K Muraleedharan) പറഞ്ഞു. പാര്‍ലമെന്റ് മണ്ഡലംതല സ്ഥാനാര്‍ഥി പര്യടനത്തിന്റെ മൂന്നാം ദിവസം തൃശൂര്‍ വടൂക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി-സി.പി.എം ബാന്ധവത്തിന് അടിസ്ഥാനം കരുവന്നൂര്‍ വിഷയമാണ്. ഒരു സഹകരണ സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കരുവന്നൂര്‍. അവിടെ നിക്ഷേപകരെ വഴിയാധാരമാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഇപ്പോള്‍ ഇ.ഡി. അന്വേഷണം വന്നതുപോലും സി.പി.എം- ബി-ജെ-പി കൊടുക്കല്‍ വാങ്ങലിന്റെ ഫലമാണ്. മോദിയാണ് പ്രധാനമന്ത്രിയെന്ന് പോലും മറന്നു നിരന്തരം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയാണ് പിണറായി. സംഘി തലവനായി മാറിയിരിക്കുകയാണ് പിണറായിയെന്നും മുരളീധരന്‍ ആരോപിച്ചു. കേരളത്തില്‍ സംഘപരിവാര്‍ ഭരണം ഇല്ല എന്നതിന്റെ കുറവ് പിണറായി തീര്‍ത്തു കൊടുക്കുന്നുണ്ട്. തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ വല്ല അച്ചാരവും വാങ്ങി വച്ചിട്ടുണ്ടെങ്കില്‍ അത് ഈ മണ്ണില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മരവിപ്പിച്ചതൊന്നും സി.പി.എമ്മിന് വലിയ തുകയല്ല. പതിനായിരം കോടി കൈയില്‍ കിടക്കുന്നവര്‍ക്ക് നാലു കോടി നിസാര തുകയാണെന്നും അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷത്തെ കേരളഭരണം കൊണ്ട് അഴിമതിയിലൂടെ ഉണ്ടാക്കിയ പണമാണ് ഈ കോടികള്‍. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വന്നാലും യു.ഡി.എഫിന് വോട്ട് കൂടുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മൂന്നാം സ്ഥാനമാണ് ഇപ്പോള്‍ ബി.ജെ.പിക്ക്. അത് ഒന്നാം സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്.


ഞങ്ങളെ തോല്‍പ്പിക്കാന്‍ നിന്നാല്‍ നിങ്ങളെ ശരിയാക്കും എന്ന മെസേജ് സി.പി.എമ്മിന് നല്‍കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോഴും അക്രമം അരങ്ങേറുകയാണ്. പള്ളികള്‍ തകര്‍ക്കപ്പെടുന്നു. അവിടെ പോകാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി മൂന്നുവട്ടമാണ് തൃശൂരിലെത്തിയത്. തൃശൂരില്‍ തോല്‍ക്കുമെന്ന ഭയമാണ് മോദിയെ ഇവിടേക്ക് കൊണ്ടുവരുന്നത്. മോദി തൃശൂരില്‍ താമസിച്ചു പ്രചാരണം നടത്തിയാലും യു.ഡി.എഫിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതേതര മനസുള്ള എല്ലാ സി.പി.എം. പ്രവര്‍ത്തകരും യു.ഡി.എഫിന് വോട്ട് ചെയ്യും. കാരണം ചെങ്കൊടിയെ സംഘപരിവാറിന്റെ ആലയില്‍ പണയം വച്ചിരിക്കുകയാണ് പിണറായി. മുഴുവന്‍ സി.പി.എം. പ്രവര്‍ത്തകരും യു.ഡി.എഫിനെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്നിട്ടും ഈ തെരഞ്ഞെടുപ്പില്‍ പോലും ബോംബ് ഉണ്ടാക്കി പരീക്ഷിക്കുകയാണ് സി.പി.എം. ലോകം മുഴുവന്‍ തറവാട് ആണെന്ന് പറയുമ്പോഴും സി.പി.എമ്മിന് കേരളം മാത്രമാണ് ലോകം എന്നും അദ്ദേഹം പരിഹസിച്ചു.

See also  ഒറ്റ മഴയിൽ തൃശ്ശൂർ ജില്ലയിൽ വെള്ളപ്പൊക്കം

Related News

Related News

Leave a Comment