നവരാത്രി നൃത്തപരിപാടിക്കിടെ പാറമേക്കാവ് അഗ്രശാലയിൽ തീ പിടിത്തം; കാഴ്ചക്കാരെയും നൃത്തകരെയും പെട്ടെന്ന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി, അട്ടിമറി സംശയിച്ച് ദേവസ്വം സെക്രട്ടറി

Written by Taniniram

Published on:

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തോടു ചേര്‍ന്ന അഗ്രശാല ഹാളിന്റെ മുകള്‍നിലയില്‍ വന്‍ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെയാണ് തീ ഉയര്‍ന്നത്. തീയും പുകയും ഉയരുന്നത് കണ്ടു പരിഭ്രാന്തരായി നര്‍ത്തകരും കാണികളുമടക്കം ഹാളില്‍ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. വന്‍ ദുരന്തമാണ് ഒഴിഞ്ഞു പോയത്. ഇന്നലെ വൈകിട്ട് എട്ടേമുക്കാലോടെയാണു സംഭവം.

തീപിടിത്തത്തില്‍ ഹാളിലെ കേന്ദ്രീകൃത എയര്‍ കണ്ടിഷന്‍ സംവിധാനമടക്കം പൂര്‍ണമായി കത്തിനശിച്ചു. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാക്കിയത്. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൊലീസിനു പരാതി നല്‍കി.

ഹാളില്‍ ആളുകള്‍ നിറഞ്ഞ സമയത്താണ് വന്‍ തീപിടിത്തം ഉണ്ടായത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയില്‍ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങള്‍ക്കു പിന്നാലെയാണു ഹാളിന്റെ മുകള്‍നിലയില്‍ നിന്നു പുക ഉയരുന്നതു കണ്ടത്.

പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാന്‍ എത്തിച്ച പാളപ്പാത്രങ്ങളില്‍ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്കു തീപടര്‍ന്നതോടെ ആളിക്കത്താന്‍ തുടങ്ങി. നര്‍ത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു. ഉടന്‍ തന്നെ ആളുകളെ പൂര്‍ണമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി.

See also  ചാലക്കുടിയിൽ ഫർണിച്ചർ ഷോപ്പ് കത്തി നശിച്ചു :15 ലക്ഷം രൂപയുടെ നഷ്ടം

Related News

Related News

Leave a Comment