Taniniram Web Special
തൃശ്ശൂര്‍: മുളങ്കുന്നത്തുകാവിലെ ഇരുചക്രവാഹന സ്‌പെയര്‍പാട്സ് ഗോഡൗണിലെ തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചിരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശി വി. നിബിനാണ് ജീവന്‍ നഷ്ടമായത്. ടോയ്‌ലെറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു നിബിന്റെ മൃതദേഹം. എന്നാല്‍ നിബിന്‍ എങ്ങനെ ടോയ്‌ലെറ്റില്‍ കുടുങ്ങിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഫ്രെയിമുകള്‍ നിര്‍മിക്കുന്നതിനായി വെല്‍ഡിംഗ് ജോലികള്‍ കുറച്ചുദിവസങ്ങളായി സ്ഥാപനത്തില്‍ നടക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ഗോഡൗണിനുള്ളിലായിരുന്നു ജോലികള്‍ നടന്നിരുന്നത്. എന്നാല്‍ വൈകീട്ട് ആറിന് സ്ഥാപനം അടച്ചശേഷം ജീവനക്കാര്‍ പോകുമായിരുന്നു. അത്യാവശ്യ പണികള്‍ ചെയ്യുന്നവര്‍ ഗോഡൗണിന് പുറത്തുമായിരുന്നു വെല്‍ഡിങ് പണികള്‍ നടത്തിയിരുന്നത്. ഗോഡൗണ്‍ തീപിടിക്കുന്ന ദിവസം നാല് തൊഴിലാളികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.രാത്രി ഏഴിനുശേഷമാണ് ഗോഡൗണിന്റെ മധ്യഭാഗത്തായി തീ പടരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തീ അണയ്ക്കാനായി ഇവര്‍ ബില്‍ഡിംഗിന്റെ ചുറ്റുപാടും ഓടി. ഹോസുപയോഗിച്ച് വെള്ളം അകത്തേക്ക് അടിക്കാനും ശ്രമിച്ചു. ബില്‍ഡിംഗിന്റെ ഒരു മൂലയ്ക്കാണ് ടോയ്‌ലെറ്റ്. ഇവിടെനിന്ന് വെള്ളമെടുത്ത് തീ അണയ്ക്കാന്‍ നിബിന്‍ ശ്രമിച്ചെന്നാണ് നിഗമനം.
നിബിന്‍ എങ്ങനെ ഇതിനുള്ളില്‍ കയറിയെന്നതാണ് പ്രധാന ചോദ്യം. പിറകിലുള്ള മതിലിന്റെ മുകളിലെ ഷീറ്റ് വളച്ച നിലയിലാണ്. ഇതു വഴിയാകാം ഇയാള്‍ ഉള്ളിലെത്തിയതെന്നാണ് കരുതുന്നത്. ഇത്രയും പണിപ്പെട്ട് അകത്തുകടന്നതും അസ്വാഭിവകയായി പോലീസ് കണക്കാക്കുന്നു.
അപകടത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം കെട്ടിടത്തില്‍ പരിശോധന നടത്തി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം ഉറപ്പിക്കാനാകൂ. ജീവനക്കാരന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.