ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 സെപ്തംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ 58081109 രൂപയാണ് ഇതുവരെ ലഭിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണ്ണവും ലഭിച്ചു.
17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിന്റെ 114 കറന്‍സിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നട ഇ – ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.അതേസമയം, ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമുണ്ടായിരുന്ന സെപ്തംബര്‍ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങിയ കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.അതിനിടെ തിരുവോണാഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ഗുരുവായൂര്‍ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.