ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര കലാനിലയത്തില്‍ പത്ത് വയസുകാരന് മര്‍ദ്ദനം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ രണ്ട് ആശാന്‍മാരെ ദേവസ്വം ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. കൃഷ്ണനാട്ട വേഷവിഭാഗം ആശാന്‍മാരായ എം.വി.ഉണ്ണിക്കൃഷ്ണന്‍, അകമ്പടി മുരളി എന്നിവരെയാണ് ദേവസ്വം ഭരണസമിതി സസ്പെന്‍ഡ് ചെയ്തത്. വിവരം ദേവസ്വം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് കേസെടുത്തു. അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ മാസം 30 വരെ കോടതി അറസ്റ്റ് തടഞ്ഞു.
വിഭാഗത്തില്‍ രണ്ട് വര്‍ഷം മുമ്പ് ട്രെയിനിയായെത്തിയ കുട്ടിയെ ചെവിക്ക് പിറകിലും കാല്‍മുട്ടിന്റെ പിന്‍ഭാഗത്തും കൃഷ്ണനാട്ടത്തിന് താളമിടുന്ന ഉരുളന്‍ വടി കൊണ്ടാണ് മര്‍ദ്ദിച്ചത്. വേദന സഹിക്കാനാകാതെ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ ദേവസ്വം അധികാരികള്‍ക്ക് പരാതി നല്‍കി. പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണ സമിതി വേദിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പി.നാരായണന്‍ നമ്പൂതിരിയെ ചുമതലപ്പെടുത്തി, പരാതി പൊലീസിന് കൈമാറി. ഡയറക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. കൃഷ്ണനാട്ടം കളരിയില്‍ ഈ മാസം 30 വരെ മെയ്യഭ്യാസ പരിശീലനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനായി കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റ് ഒഴിവാക്കിയത്. കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് പരിശീലനത്തിന്റെ കാലമാണ് ഇപ്പോള്‍. പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശീലനം. കഴിഞ്ഞവര്‍ഷവും ഈ കാലയളവില്‍ ഈ കുട്ടിക്ക് കളരിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ അന്ന് പരാതി എഴുതി നല്‍കാന്‍ പിതാവ് തയ്യാറായില്ല. പരാതി നല്‍കിയാല്‍ വരും നാളുകളില്‍ കൂടുതല്‍ ഉപദ്രവമുണ്ടാകുമോ എന്ന ആശങ്കയായിരുന്നു. ബാലാവകാശ കമ്മിഷനും കുട്ടിയുടെ പിതാവ് പരാതി നല്‍കി.
ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിൽ പത്ത് വയസുകാരന് മർദ്ദനം , രണ്ട് ആശാന്മാർക്ക് സസ്പെൻഷൻ

- Advertisement -
- Advertisement -