തൃശൂര്‍: ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്‌കൂള്‍ എന്ന റെക്കോര്‍ഡ് ഇനി മാള ഹോളി ഗ്രെയ്സ് അക്കാദമി സി.ബി.എസ്.ഇ. സ്‌കൂളിന് സ്വന്തം. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ 25 മണിക്കൂര്‍ 25 മിനിറ്റ് 25 സെക്കന്‍ഡ് ഇടവേളയില്ലാതെ റേഡിയോ പ്രക്ഷേപണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ എന്ന അഭിമാന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സ്‌കൂളായി ഹോളി ഗ്രെയ്സ് അക്കാദമിയെ അഡ്ജൂഡികേറ്റര്‍ എസ്. സഗ്യരാജ് പ്രഖ്യാപിച്ചു. വ്യക്തിഗത, ഗ്രൂപ്പ് റെക്കോര്‍ഡുകളില്‍ നിലവിലുണ്ടായിരുന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ പരമാവധി ദൈര്‍ഘ്യം 18 മണിക്കൂര്‍ ആയിരുന്നു. ആ റെക്കോര്‍ഡ് മറികടന്നാണ് ഹോളി ഗ്രെയ്സ് സ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ സീനിയര്‍ സെക്കന്‍ഡറി വരെയുള്ള 1266 വിദ്യാര്‍ഥികളേയും 79 അധ്യാപകരേയും അനധ്യാപകരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ നേട്ടം കൈവരിച്ചതെന്ന് ചെയര്‍മാന്‍ ഡോ. അഡ്വ. ക്ലമന്‍സ് തോട്ടപ്പിള്ളി പറഞ്ഞു.

ഓഗസ്റ്റ് 23 രാവിലെ ഒമ്പതു മുതല്‍ 24 രാവിലെ 10.25 വരെ തുടര്‍ച്ചയായി ഹോളി ഗ്രെയ്സ് റേഡിയോയിലൂടെ മീഡിയ ആന്‍ഡ് എന്റര്‍ടൈന്റ്‌മെന്റ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മാരത്തണ്‍ പ്രക്ഷേപണം പൂര്‍ത്തിയാക്കിയത്. നവമാധ്യമങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും ദൃശ്യ മാധ്യമങ്ങളുടെയും പ്രസക്തി, വിവിധ മേഖലകളില്‍ ഇവയുടെ ഉപയോഗവും ദുരുപയോഗവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉള്‍പ്പടയുളള നൂതന സാങ്കേതിക വിദ്യകള്‍, അവയുടെ ഉത്ഭവവും പ്രയോഗ രീതികളും എല്ലാം ഹോളി ഗ്രെയ്സ് റേഡിയോയിലൂടെ ലൈവ് ആയി ജനങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു ഈ മെഗാ ഷോയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ കൂടുതല്‍ റേക്കോര്‍ഡിങ് ഉപകരണങ്ങള്‍ സ്ഥാപിച്ച് സ്‌കൂള്‍ റേഡിയോ സ്റ്റേഷന്‍ വിപുലീകരിച്ചിരുന്നു. പ്രക്ഷേപണത്തിന്റെ തത്സമയ വീഡിയോ റെക്കോര്‍ഡിങും നടന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ മെഡല്‍ അഡ്ജുഡിക്കേറ്റര്‍ എസ്. സഗ്യരാജ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. അഡ്വ. ക്ലമന്‍സ് തോട്ടപ്പിള്ളിക്ക് കൈമാറി. വൈസ് ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍, അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍, പ്രിന്‍സിപ്പല്‍ ബിനി എം., സ്‌കൂള്‍ ക്യാപ്റ്റന്‍ കാര്‍ത്തിക് ടി. മേനോന്‍ എന്നിവര്‍ക്കുള്ള ബാഡ്ജുകളും അദ്ദേഹം കൈമാറി. റേഡിയോ ഷോയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് നല്‍കുമെന്ന് അഡ്ജുഡിക്കേറ്റര്‍ അറിയിച്ചു.