തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറിനെതിരായ പോലീസ് നീക്കങ്ങള്‍ക്കെതിരെ ബിജെപിയുടെ DIG ഓഫീസ് മാര്‍ച്ച് ; ജലപീരങ്കി പ്രയോഗിച്ച് പോലീസ്‌

Written by Taniniram

Published on:

തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്താനുളള പോലീസ് നീക്കങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധവുമായി ബിജെപി. അനീഷ് കുമാറിനെതിരെയുളള കളളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് DIG ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി നേതാവ് എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.പിന്നീട് മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ച് ബാരിക്കേഡുകള്‍ തളളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

നിരവധി കേസകളില്‍ പ്രതിയായ അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ആറു മാസത്തിനുള്ളില്‍ ഇനി ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസില്‍ ഉള്‍പ്പെടില്ലെന്ന് കോടതിയില്‍ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നല്‍കുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

See also  തൃശൂർ ഹീവാൻ തട്ടിപ്പ് കേസിൽ സുന്ദർ മേനോന് പിന്നാലെ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനും പോലീസ് കസ്റ്റഡിയിൽ

Leave a Comment