അതിരപ്പിള്ളിയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഇവിടെയെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് കാട്ടാനാക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു. അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് ഞായര്‍ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനക്കയത്ത് വളവ് തിരിഞ്ഞ് വരുന്നതിനിടെ കാട്ടില്‍നിന്നും ഓടിയെത്തിയ ആനയാണ് കാറിനുനേരെ തിരിഞ്ഞത്.
ആനയുടെ വരവില്‍ പന്തികേട് തോന്നിയ ഡ്രൈവര്‍ വാഹനം പുറകോട്ടെടുത്തിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുനേരെ കുറച്ച് ദൂരം ഓടിയ ആന പിന്നീട് കാട്ടിലേക്ക് കയറി പോവുകയും ചെയ്തു. കാട്ടാനകള്‍ തമ്പടിക്കുന്ന സ്ഥലമാണ് ആനക്കയം. കഴിഞ്ഞ ദിവസം ആനക്കയത്ത് കാട്ടാനയെ പ്രകോപിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘത്തിനെതിരെ വനപാലകര്‍ കേസെടുത്തിരുന്നു. വേനലവധിക്കാലം ആയതിനാല്‍ അതിരപ്പിള്ളിയിലേക്ക് യാത്രക്കാരുടെ ഒഴുക്കാണ്. മലക്കപ്പാറ വെറ്റിലപ്പാറ എന്നീ വനപ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും റോഡിലേക്ക് ഇറങ്ങി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ആകുന്നു. വിനോദയാത്രകള്‍ ദുരന്തയാത്രകള്‍ ആയിട്ട് മാറുന്ന അവസ്ഥയും നിലനില്‍ക്കുന്നു.