തൃശ്ശൂര്‍: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് , രജിസ്റ്റര്‍ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അശോകന്റെ മകള്‍ അനഘ(25)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിനാണ് മരിച്ചത്.
അനഘയുമായി സ്‌നേഹബന്ധത്തിലായിരിക്കുകയും തുടര്‍ന്ന് രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദിന്റെയും അമ്മയുടെയും പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തു. അനഘയും ആനന്ദും ആറുമാസം മുന്‍പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹിതരായത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയവും നടത്തിയിരുന്നു.
എന്നാല്‍ വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്നും ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ബിരുദാനന്തര ബിരുദമുള്ള അനഘ പി.എച്ച്ഡി. ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.
തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി കിട്ടിയ അനഘയെ ആനന്ദ് ജോലിക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ആത്മഹത്യശ്രമത്തിനു പിന്നാലെ രജിസ്റ്റര്‍ വിവാഹത്തിന്റെ വിവരമറിഞ്ഞ കുടുംബം ആനന്ദിന്റെ പേരില്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി.
പരാതിയില്‍ നേരത്തെത്തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെന്നും യുവതിയുടെ മരണത്തോടെ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാര്‍ പറഞ്ഞു.