ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും ആര്‍. ശ്രീലേഖ രംഗത്ത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനെതിരെ തന്റെ യൂടൂബ് ചാനലിലൂടെയാണ് ശ്രീലേഖ ശക്തമായി വിമര്‍ശനമുന്നയിക്കുന്നത്.
ആചാരത്തിന്റെ പേരില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ താന്‍ സര്‍വ്വീസിലുണ്ടായിരുന്ന കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടും പരിഗണിച്ചിലെന്നും ആരോപിക്കുന്നു. ഇടത് സര്‍ക്കാറും ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് നടപടിയെടുത്തില്ല. കുത്തിയോട്ടം ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ വീഡിയോയില്‍. തന്റെ കുട്ടിക്കാലത്ത് ഐപിഎസ് ലഭിക്കാനായി പൊങ്കാലയിട്ട് തൊഴുതുവെന്നും. എന്നാല്‍ ഇപ്പോള്‍ പൊങ്കാല വീട്ടില്‍ മാത്രമെ ഇടാറുളളൂവെന്നും പറയുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുന്ന സ്ത്രീകള്‍ ക്യൂവില്‍ നിന്ന് പരസ്പരം തെറിപറയുമെന്നും കുത്തിയോട്ടത്തിനായി പൈസ കൊടുത്ത് തമിഴ് ബാലന്മാരെ പകരക്കാരായി എത്തിക്കുമെന്നുമുളള ഗുരുതര ആരോപണങ്ങളും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ വീഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്.
സര്‍വ്വീസിലിരുന്നസമയത്ത് ബ്ലോഗിലൂടെ ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ ശ്രീലേഖഎഴുതിയത് വന്‍വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ആറ്റുകാല്‍ പൊങ്കാല ദിവസം ആറ്റുകാലിനെക്കുറിച്ചുളള വീഡിയോയുമായി രംഗത്തെത്തുകയായിരുന്നു.