കേരള രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുമോ SFIO ? കുടുങ്ങുന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ആരൊക്കെ ?

Written by Taniniram

Published on:

എസ്.ബി.മധു

തിരുവനന്തപുരം : എസ്.എഫ്.ഐ.ഒ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വന്‍ സുനാമിയായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അന്വേഷണം നിയമപരമെന്ന് കര്‍ണാടക ഹൈക്കോടതിയും കേരളാഹൈക്കോടതിയും പറഞ്ഞിരിക്കുന്നു. രണ്ട് ഹൈക്കോടതിയും അന്വേഷണത്തെ സാധൂകരിച്ചതോടെ ശക്തമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത്.

SFIO അന്വേഷിക്കുന്നതെന്ത് ?

നിലവില്‍ അന്വേഷണവും വാര്‍ത്തകളും എക്‌സാലോജിക്കിനും വീണാ വിജയനെയും വലം വയ്ക്കുമ്പോള്‍ പിന്നിലൂടെ മറ നീക്കി പുറത്തു വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സിഎംആര്‍എല്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോടികള്‍ സംഭാവനയായി നല്‍കിയത് വിശദമായി അന്വേഷിക്കണമെന്നായിരുന്നു ഷോണ്‍ ഷോര്‍ജ് പരാതി നല്‍കിയത്. സിഎംആര്‍എല്ലിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി. ആ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. അതായത് SFIO അന്വേഷണത്തില്‍ വീണയും എക്‌സാലോജിക്കും മാത്രമല്ല PV യും, RCയും, KKയും IK യും AGയും പെടും. ഇതിനെ സാധൂകരിക്കുന്ന വാദങ്ങളാണ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എച്ച് ശാന്തി ഭൂഷണ്‍ നിരത്തിയ വാദങ്ങള്‍. കര്‍ണാടക ഹൈക്കോടതി വിധി സസൂഷ്മം നിരീക്ഷിച്ചാല്‍ അന്വേഷണത്തില്‍ വരാന്‍ പോകുന്ന വഴിത്തിരിവ് മനസ്സിലാക്കാം. വീണാ വിജയനു വേണ്ടി ഹാജരായ സീനിയര്‍ സുപ്രീംകോടതി അഭിഭാഷകന്‍ അരവിന്ദ് ദത്തന്‍ ആദ്യം നിരത്തിയ വാദങ്ങളിലൊന്ന് വെറും 1.72 കോടി രൂപയുടെ ഇടപാടിലെ ദുരൂഹത അന്വേഷിക്കാന്‍ SFIO പോലുളള വലിയ അധികാരമുളള ഒരു ഏജന്‍സി എന്തിനാണെന്നായിരുന്നു. അതുപോലെ എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായി കരാര്‍ അടിസ്ഥാനത്തിലുള്ള സര്‍വ്വീസ് കൈമാറ്റം മാത്രമാണ് നടന്നത് . നല്‍കിയ പണത്തിന് രേഖകളുമുണ്ട്. സഹാറ ,സത്യം കംപ്യൂട്ടേഴ്‌സ് പോലുള്ള ശതകോടികളുടെ തട്ടിപ്പുകള്‍ അന്വേഷിയ്ക്കുന്നതിനാണ് എസ്.എഫ്.ഐ.ഒ രൂപീകരിച്ചത്. വളരെ ഗൗരവമായ കേസുകള്‍ മാത്രം അന്വേഷിക്കുന്ന ഏജന്‍സി ഈ ചെറിയ ഇടപാട് അന്വേഷിയ്ക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.

ഈ വാദങ്ങള്‍ പൊളിച്ചടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ എച്ച്.ശാന്തിഭൂഷണ്‍ നല്‍കിയ മറുപടിയാണ് വരാന്‍ പോകുന്ന സംഭവങ്ങളുടെ ഗൗരവം മനസിലാക്കിത്തരുന്നത്. അന്വേഷണം വെറും 1.72 കോടിയുടെ കേസ് അല്ലെന്നും കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൈപ്പറ്റിയ 135 കോടിയുടെ വമ്പന്‍ അവിഹിത ഇടപാടുകളാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ.ഒ പോലെ ഏജന്‍സി അന്വേഷിക്കണമെന്നുള്ള വാദം കോടതി അംഗീകരിയ്ക്കുകയും വീണയുടെ വാദം തള്ളിക്കളയുകയും കേന്ദ്ര അന്വേഷണത്തിന് തടസ്സമില്ലെന്നും കോടതി ഉത്തരവിട്ടു.

CMRL എന്തിന് ഇത്രയും പണം നല്‍കി ?

കരിമണല്‍ കര്‍ത്തയും CMRL ഉം എന്തിനാണ് കോടികള്‍ ഇരുമുന്നണിയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയത്. രാഷ്ട്രീയ കേരളം ഗൗരവത്തില്‍ കാണേണ്ട വസ്തുതയാണിത്. രാഷ്ട്രീയ അന്തരീക്ഷം സുഗമമാക്കുന്നതിനാണ് നല്‍കിയതെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടിലുളളത്. അതായത് കരിമണല്‍ ഖനനം വ്യാപിക്കണം. കരിമണല്‍ ഖനനം ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നങ്ങളില്‍ ഇടപെടരുത് എന്നിങ്ങനെയുളള ആവശ്യങ്ങളാണ് കമ്പനിക്ക് മുന്നിലുളളത്. സുപ്രീംകോടതി വിധിയും കേന്ദ്ര നയഭേദഗതി ഉത്തരവ് വന്നിട്ടും CMRL ന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഖനന അനുമതി വര്‍ഷങ്ങളോളും റദ്ദാക്കാത്തതും വിവാദമുണ്ടായ ശേഷം കഴിഞ്ഞ ഡിസംബറില്‍ റദ്ദാക്കിയതും ദുരൂഹമാണ്. അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ കേരളത്തിലെ പലപ്രമുഖരും കുടുങ്ങും. സാമ്പത്തിക ഇടപാടുകളെല്ലാം ചികഞ്ഞെടുത്ത് അന്വേഷിക്കും. കര്‍ണാടക ഹൈക്കോടതിയിലെ ഉത്തരവിലൂടെ മടിയില്‍ കനമുളള നേതാക്കളുടെ നെഞ്ചിടിപ്പാണ് വര്‍ധിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്വേഷണം എങ്ങനെ സ്വാധീനിക്കുമെന്നതും കാത്തിരിന്ന് കാണേണ്ടതാണ്.

See also  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂര്‍ അവിട്ടത്തൂർകാരി മിനിയും

തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും നേതാവ് അറസ്റ്റിലാകും ?

കര്‍ത്തയുടെ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങളും അഴിമതികളും പുറത്തുവരും. മാധ്യമ സ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ജാതി-മത സംഘടനാ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, 135 കോടി കര്‍ത്തയില്‍ നിന്നും പറ്റിയിട്ടുണ്ട്. അക്കമിട്ട് പേരുകള്‍ പുറത്തുവരുന്നതോടെ കേരളത്തിലെ തെരഞ്ഞുപ്പ് രാഷ്ട്രീയം കലങ്ങിമറിയുമെന്നാണ് രഹസ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു എസ്എഫ്‌ഐഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയ കേസായതിനാല്‍ സ്വര്‍ണ്ണക്കടത്തു കേസുപോലെയാകില്ല കരിമണല്‍ കര്‍ത്തയുടെ കേസ് എന്നാണ് നിലവില്‍ സൂചന. വീണയിലൂടെ അന്വേഷണം കോണ്‍ഗ്രസിലേയ്ക്കും നീങ്ങും . എന്തായാലും തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാന്‍ സാദ്ധ്യതയുള്ള കര്‍ത്തയുടെ പണം പറ്റിയ നേതാക്കള്‍ പലരും അങ്കലാപ്പിലാണ് തെരഞ്ഞെടുപ്പിനിടെ അറസ്റ്റ് നടക്കുമോ എന്ന ഭയത്തിലാണ്. ഏതെങ്കിലും ഒരു നേതാവെങ്കിലും അറസ്റ്റിലായാല്‍ മറ്റുള്ളവര്‍ ഭയന്ന് തെരഞ്ഞെടുപ്പ് രംഗത്ത് നിര്‍ജ്ജീവമാകും. നിലവില്‍ കരിമണല്‍ അഴിമതിയെക്കുറിച്ച് പ്രതിപക്ഷം വളരെ കരുതലോടെയാണ് പ്രതികരിക്കുന്നത് തന്നെ വരാന്‍ പോകുന്ന അപകടത്തിന്റെ സൂചനയാണ്. സംഭാവന സ്വീകരിയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് . എന്നാല്‍ ഈ തുകകള്‍ പാര്‍ട്ടികളുടെ വാര്‍ഷിക ഓഡിറ്റിംഗ് സമര്‍പ്പിയ്ക്കുമ്പോള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഉത്തരം പറയേണ്ടിവരും. വ്യക്തിപരമായി പണം കൈപ്പറ്റിയാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാം. അത് കോഴയായി പരിഗണിച്ചാല്‍ അറസ്റ്റുണ്ടാകും. ഇത്തരം സാഹചര്യമുണ്ടായാല്‍ അത് ബി.ജെ.പിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ ഗുണം ചെയ്യുമോ എന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നു

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അഥവാ എസ്.എഫ്.ഐ.ഒ (Serious Fraud Investigation Office ) അറിയേണ്ടതെല്ലാം ?

മുന്‍പ്രധാനമന്ത്രി വാജ്‌പേയുടെ കാലത്താണ് SFIO (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) രൂപീകരിച്ചത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയുക എന്നതായിരുന്നു ലക്ഷ്യം. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും അമേരിക്കന്‍ അംബാസിഡറുമായിരുന്ന നരേഷ് ചന്ദ്ര യുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് SFIO സ്ഥാപിച്ചത്. പ്രധാനമായും ബ്രിട്ടനില്‍ നിലവിലുള്ള SFIO യുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലും ഇത്തരമൊരു അന്വേഷണ ഏജന്‍സി രൂപീകരിച്ചത്. Ministery of Corporate Affairs ( MCA ) യുടെ നിയന്ത്രണത്തിലാണ് SFIO. കേരളത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നാമമാത്രമായതിനാല്‍ തന്നെ ഇത്തരമൊരു അന്വേഷണ ഏജന്‍സി മലയാളികള്‍ക്ക് അപരിചിതമാണ്. മാത്രമല്ല SFIO ഒരു കേസിലും സ്വമേധയാ അന്വേഷണം ഏറ്റെടുക്കാറില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു ഉത്തരവ് പുറപ്പെടുവിയ്ക്കുന്ന കേസുകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ.

ബാങ്കിംഗ് , സ്റ്റോക്ക് എക്‌സേഞ്ച്, കോര്‍പ്പറേറ്റ് കമ്പനികള്‍, രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ROC), മണിചെയിന്‍ , അനധികൃത ഫണ്ട് ശേഖരണം തുടങ്ങി വന്‍കിട സാമ്പത്തിക തിരിമറി കേസുകളാണ് SFIO ഏറ്റെടുക്കുന്നത്. അറസ്റ്റിന് അധികാരമുള്ള ഏജന്‍സിയാണ് SFIO കോര്‍പ്പറേറ്റുകള്‍ ഉന്നത സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ ആയതിനാല്‍ ഈ അന്വേഷണ ഏജന്‍സിയിലേക്കുള്ള റിക്രൂട്ടിംഗ് സര്‍ക്കാരിന് വളരെ ദുഷ്‌കരമായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ രംഗത്തും സൈബര്‍ മേഖലയിലും ശാസ്ത്രീയമായ കഴിവ് തെളിയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുള്ള വിദഗ്ധന്മാരെയാണ് SFIO യിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ വന്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് എല്ലാരും. സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തതോടെയാണ് SFIO ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ ഏറെക്കാലം മയക്കത്തിലായിരുന്ന SFIO വീണ്ടും സജീവമായത് മോദി അധികാരത്തില്‍ വന്ന ശേഷമാണ്. 361 കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി. അഴിമതിക്കാരായ നിരവധി വന്‍കിട കോര്‍പ്പറേറ്റുടമകള്‍ അറസ്റ്റിലായി. സ്ഥാവര ജംഗമ വസ്തുക്കള്‍ പിടിച്ചെടുത്തു. SFIO 2018 മുതല്‍ 22 വരെ ഏകദേശം 90 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ആയിരത്തിലധികം അനുബന്ധ കേസുകള്‍ വേറെയും അന്വേഷിച്ചുവരുന്നു.

See also  SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് കെഎസ്‌ഐഡിസിക്ക് നാണക്കേടായി ; 50 ലക്ഷം വക്കീല്‍ ഫീസും നഷ്ടമായി

കേരളത്തില്‍ പരിചിതമല്ലാത്ത SFIO

വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ആസ്ഥാനങ്ങള്‍ നാമമാത്രമായിപ്പോലും കേരളത്തില്‍ ഇല്ലാത്തതിനാല്‍ SFI o എന്ന പേര് മലയാളിക്ക് ഇത്രയും നാള്‍ അപരിചിതമായിരുന്നു. കേരളത്തില്‍ ആദ്യമായി SFIO കേസെടുത്തത് മൂന്ന് സ്ഥാപനങ്ങളുടെ പേരിലാണ് . ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള CMRL , കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള KSIDC , മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണാ വിജയന്‍ ഉടമസ്ഥയായുള്ള എക്‌സാ ലോജിക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ്. ഇതില്‍ വീണാ വിജയന്റെ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബാംഗ്ലൂരിലാണ്. ഒടുവില്‍ പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സ് ക്രമക്കേടും SFIO യെ അന്വേഷിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു.

Leave a Comment