മഞ്ജുവാര്യര്‍, സിദ്ധിഖ്, കെ.ജയകുമാര്‍..ചര്‍ച്ചകളില്‍ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികള്‍

Written by Taniniram

Updated on:

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കുമ്പോള്‍. കേരളത്തിലും സീറ്റ് ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കുകയാണ് മുന്നണികള്‍. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിക്കാനാണ് ശ്രമം. വിജയസാധ്യതയുളള സെലിബ്രറ്റികളെയും മുന്നണികള്‍ പരിഗണിക്കുന്നു. ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകള്‍ നോക്കാം

ചാലക്കുടി

ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയാകാന്‍ മഞ്ജുവാര്യരെ പരിഗണിക്കുന്നതായാണ് പ്രമുഖ മാധ്യമമായ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

. 2014-ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഇന്നസെന്റിനെ മത്സരിപ്പിച്ച് വിജയിപ്പിച്ച ചരിത്രമുണ്ട് ചാലക്കുടിക്ക്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന്‍ 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് മഞ്ജുവാര്യരെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനുളള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

ആലപ്പുഴ

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ നടന്‍ സിദ്ധിഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. മതസാമുദായിക ഘടന പരിഗണിച്ചാണ് തീരുമാനം. നടനെന്നതിലുപരി നിലപാടുകള്‍ വ്യക്തതയും കൃത്യമായി വാക്ചാരുത്യമുളള സിദ്ധിഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു മുസ്ലീം പ്രതിനിധി വേണമെന്നുളളതും സിദ്ദിഖിന് അനുകൂലമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദിഖുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസ് തീരുമാനം വന്നാല്‍ സിദ്ധിഖ് മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം

തിരുവനന്തപുരത്ത് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാകാതെ കളം പിടിക്കാനുളള ശ്രമത്തിലാണ് ഇടത് ക്യാമ്പ്. ശശിതരൂരിനെ നേരിടാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ വേണമെന്ന നിലപാടിലാണ് സിപിഐ. എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഏവര്‍ക്കും സുപരിചിതനായ കെ.ജയകുമാറിനെ പരിഗണിക്കുന്നതായാണ് സൂചന. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒഎന്‍വി കുറുപ്പിനെപ്പോലെയുളള പ്രഗത്ഭര്‍ക്ക് സിപിഐ സീറ്റ് നല്‍കിയ മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ ഒഎന്‍വി കുറുപ്പ് കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.

Leave a Comment