നിതിന്‍.ടി.ആര്‍
തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് അസംതൃപ്തരായ നേതാക്കളുടെ ഒഴുക്ക് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും നിര്‍ബാധം ഉണ്ടാകുമെന്ന് പത്മജ വേണുഗോപാല്‍.
കോണ്‍ഗ്രസില്‍ നിന്ന് ഏഷ്യന്‍ അത്ലറ്റിക്‌സ് മെഡല്‍ ജേതാവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പത്മിനി തോമസും മറ്റു പല നേതാക്കളും ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പില്‍ ചേര്‍ന്നതുമായ് ബന്ധപ്പെട്ട് തനിനിറത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന പത്മിനി തോമസും തമ്പാനൂര്‍ സതീഷും തന്റെ സുഹൃത്ത് വലയത്തില്‍ ഉള്ളവരാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇനിയും ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരനോടും ഉമ്മന്‍ചാണ്ടിയോടും വളരെയധികം അടുപ്പം പുലര്‍ത്തിയ പത്മിനി തോമസ് റെയില്‍വേയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ക്ക് പൊതുമണ്ഡലത്തില്‍ ധാരാളം ആളുകളുമായി ബന്ധമുണ്ട്. ഇതെല്ലാം ബിജെപിക്ക് വളരെയധികം ഗുണം ചെയ്യും എന്ന് പത്മജ പറഞ്ഞു.
അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പത്മജക്ക് തിരുവനന്തപുരത്തും പത്തനംതിട്ടയിലും കണ്ണൂരിലും പ്രചാരണം നടത്തുവാനാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
അവസാനഘട്ടത്തില്‍ തൃശ്ശൂരിലും പ്രചാരണം നടത്തുമെന്നും പത്മജ പറഞ്ഞു.ബിജെപിയില്‍ ചേര്‍ന്നശേഷം അതൃപ്തരായ മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുവാന്‍ സമയം ലഭിച്ചിട്ടില്ല. കേരളത്തില്‍ ഉടനീളം പല നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളോട് ശക്തമായ അസംതൃപ്തി അറിയിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു.