കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തയാളുടെ പേര് കേട്ട്ഏവരും ഞെട്ടിയിരിക്കുകയാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടി നിരവധി കേസുകളില്‍ കോടതി കയറിയിറങ്ങുന്ന കിറ്റെക്‌സ് എം.ഡി സാബു ജേക്കബാണ് (Sabu M Jacob) സിപിഎമ്മിന് സംഭവാന നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ദേശീയ തലത്തില്‍ സിപിഎമ്മിന് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാമതാണ് കിറ്റെക്‌സ് (Kitex) . 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി സിപിഎമ്മിന് 56.8 ലക്ഷം രൂപ സംഭാവന നല്‍കി.
തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഫോം 24 ലാണ് പാര്‍ട്ടിയുടെ വരവ്-ചെലവ് കണക്കുകള്‍, സംഭാവന ഇവ സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയത്. പാര്‍ട്ടിക്ക് ആകെ 6.2 കോടി രൂപ ലഭിച്ചു. 20000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയവരുടെ പേരും നല്‍കി.
സാബു ജേക്കബും (Sabu M Jacob) സിപിഎം എം.എല്‍ എ പിവി ശ്രീനിജന്‍ എം.എല്‍.എയുമായി നിരന്തരം കൊമ്പ് കോര്‍ക്കുന്നതിനിടയിലാണ് സംഭാവന നല്‍കുന്നതെന്നത് കൗതുകകരമാണ്. നിരവധി കേസുകള്‍ സാബു ജേക്കബ് വിവിധ കോടതികളില്‍ സര്‍ക്കാരുമായി നേരിടുന്നുണ്ട്. സ്വാഭാവിക നടപടിയെന്നാണ് ഈ വിഷയത്തില്‍ സാബുജേക്കബിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ച് വരുമ്പോള്‍ കൊടുക്കാറുണ്ട്. ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കാറെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അക്കൗണ്ട്‌സ് വിഭാഗമാണ് പരിശോധിക്കുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നല്‍കിയ ഫോം24 ല്‍ കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരുടെയും സ്വര്‍ണ്ണവ്യാപാരികളുടെയും പേരുകളുണ്ട്.