തമിഴ് സിനിമയിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായ വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആരംഭിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷവും അഭിനയ ജീവിതം തുടരുന്ന മറ്റ് തമിഴ് നടന്മാരില്‍ നിന്ന് വ്യത്യസ്തമായി, താന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്ന് വിജയ് സൂചന നല്‍കി. രാഷ്ട്രീയ പ്രവേശനം വളരെ പ്രധാന്യത്തോടെ നോക്കികാണുന്നൂവെന്നതിന്റെ സൂചനയാണിത്. തമിഴ്നാട്ടില്‍ സിനിമാ-രാഷ്ട്രീയ മേഖലകള്‍ ഇഴചേര്‍ന്ന് കിടക്കുന്ന ദീര്‍ഘകാല പാരമ്പര്യത്തില്‍ വിജയ് ഒരു പുതിയ അധ്യായം കൂടി തുറന്നിരിക്കുന്നു.
തന്റെ പുതിയ പാര്‍ട്ടിയെക്കുറിച്ച് വിജയിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സുതാര്യത, പക്ഷപാതരഹിതമായ ഭരണം, തമിഴ് സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനം.
അഴിമതിയും വിഭജന രാഷ്ട്രീയവും ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടും. ”ഒരു വശത്ത്, അഴിമതിയും ഭരണപരമായ കെടുകാര്യസ്ഥതയും കലര്‍ന്ന രാഷ്ട്രീയ സംസ്‌കാരമുണ്ട്, മറുവശത്ത്, നമ്മുടെ ജനങ്ങളെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്‌കാരമുണ്ട്. വിജയ് പറയുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലായെന്ന തന്ത്രപരമായ തീരുമാനവും വിജയ് എടുത്തിട്ടുണ്ട്. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും പകരം അടിത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണസജ്ജമായ ടി.വി.കെ മത്സരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പദമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
രാഷ്ട്രീയം വിനോദമല്ല
മുഴുന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു. ‘…എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം മറ്റൊരു തൊഴില്‍ മാത്രമല്ല; അത് ജനങ്ങളോടുള്ള പവിത്രമായ സേവനമാണ്… അതുകൊണ്ട്, രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല; അത് എന്റെ അഗാധമായ അഭിനിവേശമാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതെ, ഞാന്‍ ഇതിനകം കമ്മിറ്റ് ചെയ്ത മറ്റൊരു സിനിമയിലേക്കുള്ള പ്രതിബദ്ധത പൂര്‍ത്തിയാക്കിയ ശേഷം പൊതുസേവനത്തിനായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് തമിഴ്നാട്ടിലെ ജനങ്ങളോടുള്ള എന്റെ നന്ദിയും കടമയുമായി ഞാന്‍ കണക്കാക്കുന്നത്,” അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
49 വയസ്സുള്ള വിജയ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്ന യുവതലമുറ രാഷ്ട്രീയക്കാരുമായി ഒത്തുചേരുന്ന സമയത്താണ് പ്രഖ്യാപനം.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്ജനതയ്ക്ക് പുത്തരിയല്ല, തമിഴ്നാട്ടിലെ അഭിനേതാക്കളായി മാറിയ രാഷ്ട്രീയക്കാര്‍ നിരവധിയാണ്യ എം ജി രാമചന്ദ്രന്‍ (എംജിആര്‍), ജെ ജയലളിത, വിജയകാന്ത്, കൂടാതെ അടുത്തിടെ കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.
വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനം ആരാധകവൃന്ദം ആവേശത്തോടെയാണ് സ്വീകരിച്ചത്. എംജിആറിന് ശേഷം ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നുവന്ന രജനികാന്തിനൊപ്പം നില്‍ക്കുന്ന ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളത്തിലടക്കം വലിയ ആരാധകരുളള വിജയുടെ ജനപ്രീതി വോട്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.