കലാമണ്ഡലം സത്യഭാമ (Kalamandalam Sathyabhama) യൂടൂബ് ചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരിക്കുകയാണ്. അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ഇവര്‍ തമ്മിലുളള പൂര്‍വ വൈരാഗ്യവും ആര്‍എല്‍വി രാമകൃഷ്ണന്റെ മറുപടി ഫെയ്‌സ്ബുക്ക് പോസ്റ്റും വായിച്ചാല്‍ കലാമണ്ഡലം സത്യഭാമ ടാര്‍ഗറ്റ് ചെയ്തത് ആര്‍എല്‍വി രാമകൃഷ്ണനയാണെന്ന് വ്യക്തമാകും.
പത്മശ്രീ ജേതാവും മോഹിനിയാട്ടത്തിനും, കഥകളിക്കും സമഗ്ര സംഭാവനകള്‍ നല്‍കിയ അന്തരിച്ച സീനിയര്‍ കലാമണ്ഡലം സത്യഭാമ ടീച്ചറെയും, ഭര്‍ത്താവ് കലാമണ്ഡലം പത്ഭനാഭന്‍ നായരെയും സ്വകാര്യ ടെലിഫോണ്‍ സംഭാഷണത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണം ജൂനിയര്‍ സത്യഭാമ ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കലാരംഗത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
കലാഭവന്‍ മണിയുടെ സഹോദരനും, നൃത്ത അദ്ധാപകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനുമായി (RLV Ramakrishnan) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സത്യഭാമ അധിഷേപിച്ച് സംസാരിച്ചത്. മോഹിനിയാട്ടത്തില്‍ സത്യഭാമ ടീച്ചര്‍ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും, മറ്റും സത്യഭാമ നടത്തിയ സംഭാഷണം വാട്‌സാപ്പ് ഗ്രൂപ്പുകളിലുടെ പുറത്ത് വന്നതാണ് ഇവര്‍ തമ്മിലുളള പ്രശ്‌നത്തിന്റെ തുടക്കം.
ദുബായില്‍ ഒരു നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായി പങ്കെടുത്ത ഭരണ സമിതി അംഗം കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണന്റെ ശിഷ്യയുടെ പ്രകടനത്തെ കുറിച്ച് എഴുതി നല്‍കിയ റിമാര്‍ക്സിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോശം പരാമര്‍ശങ്ങളുണ്ടായത്. നിള എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ സത്യഭാമ നടത്തിയ സ്വകാര്യ സംഭാഷണം വന്നതോടെ സംഭവം വന്‍വിവാദമായി.
അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ ശിഷ്യ കൂടിയാണ് കലാമണ്ഡലം സത്യഭാമ. ഈ സംഭവത്തിന് ശേഷം ഇവര്‍ തമ്മിലുളള വൈരാഗ്യമാണ് ഇപ്പോള്‍ യൂടൂബ് അഭിമുഖത്തില്‍ അധിക്ഷേപത്തിലേക്ക് കടന്നിരിക്കുന്നത്.
വീഡിയോയില്‍ സത്യഭാമ പറഞ്ഞത്
മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിയായിരിക്കണം, അല്ലെങ്കില്‍ പുരുഷന് സൗന്ദര്യം വേണം, ഇയാളെ കണ്ടാല്‍ കാക്കയുടെ നിറം. കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണിത്. ഒരു പുരുഷന്‍ ഇങ്ങനെ കാല് അകത്തി മോഹനിയാട്ടം കളിക്കുകയെന്ന പോലെ അരോചകത്വം വെറെയില്ല. ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം കളിക്കുകയാണെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’