തിരുവനന്തപുരം: ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായ വിമര്‍ശിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കത്തിയമരുന്നു. പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെ ആശ്രമം സന്ദര്‍ശിക്കുന്നു. ഉന്നതല അന്വേഷണം പ്രഖ്യാപിക്കുന്നു. പ്രതികള്‍ക്കായി കേരള പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും ഒന്നും നടന്നില്ല. സര്‍ക്കാരിന് വലിയ നാണക്കേടായി കേസായി മാറി ആശ്രമം കത്തിക്കല്‍ കേസ്. സ്വാമി തന്നെ കത്തിച്ചതാണെന്നുവരെ അഭ്യൂഹം പരന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഒടുവില്‍ ഇക്കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പ്രതികളെ പിടികൂടിയത് വലിയ നേട്ടമായി സര്‍ക്കാര്‍ കാണുന്നു. വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം. അന്വേഷണസംഘത്തെ നയിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം നല്‍കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് -1 എസ്പി വി.സുനില്‍കുമാര്‍, ഡിവൈഎസ്പി എം.ഐ.ഷാജി എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിക്കായി തിരഞ്ഞെടുത്തത്.
2011ല്‍ മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ഇരട്ട തിരോധാനക്കേസിലെ പ്രതിയെ കണ്ടെത്തിയതിനാണ് മറ്റൊരു അംഗീകാരം. അമ്മയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, അഡീഷണല്‍ എസ്പി എം.കെ.സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് ഈ കേസില്‍ ബാഡ്ജ് ഓഫ് ഓണര്‍ അനുവദിച്ചത്.
ലോകപ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് വിദേശവനിതയുടെ കൊലപാതകം കേരളത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. രാജ്യാന്തര തലത്തില്‍ തന്നെ കൊലപാതകം ശ്രദ്ധിക്കപ്പെട്ടു. കോവളത്തെ വിദേശവനിതയുടെ കൊലപാതകം അന്വേഷിച്ച് പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടികൂടിയ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിനും ഇത്തവണ ബാഡ്ജ് ഓഫ് ഓണറുണ്ട്. ലാത്വിയക്കാരി ലിഗ സ്‌ക്രൊമെയ്‌നെ കോവളത്തിന് സമീപത്ത് കണ്ടല്‍ക്കാട്ടില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെയും ജീവിതാവസാനം വരെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്.
കേരളത്തയാകെ ഞെട്ടിച്ച കൊല്ലത്തെ വിസ്മയകേസ്. സ്ത്രീധന പീഢകന്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ അഴിക്കുളളിലാക്കിയ ഡിവൈഎസ്പി രാജ്കുമാറിനെയും അന്വേഷണമികവിനുള്ള ബാഡ്ജ് ഓഫ് ഓണറിന് തിരഞ്ഞെടുത്തു. കേരളത്തിലും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസില്‍ ആത്മഹത്യാപ്രേരണക്കാണ് ഭര്‍ത്താവിനെ പ്രതിചേര്‍ത്തത്. പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി ശരിവച്ചത് നേട്ടമായി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്.
ആറാം തീയതി രാവിലെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, ഐജി ജി.സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ക്കും ഇത്തവണത്തെ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയിലുണ്ട്. ഇവരടക്കം 269 ഉദ്യോഗസ്ഥര്‍ക്കാണ് വിവിധ അന്വേഷണങ്ങളില്‍ പുലര്‍ത്തിയ മികവ് കണക്കിലെടുത്ത് അംഗീകാരം നല്‍കുന്നത്.