തൃശൂർ: പുലികളി നടക്കുന്ന ബുധനാഴ്ച രാവിലെ മുതൽ തൃശൂർ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷം നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉച്ചക്ക് രണ്ട് മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലികളി കഴിയുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
പുലികളി കാണാൻ എത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിത സ്ഥലത്ത് നിൽക്കണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും മരങ്ങൾക്ക് മുകളിലും കയറുന്നത് നിരോധിച്ചിട്ടുണ്ട്. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണം പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ പ്രവേശിക്കരുത്. പുലികളി കാണാൻ എത്തുന്നവർ വാഹനം പാർക്ക് ചെയ്യാവുന്ന ഗ്രൗണ്ടുകളിൽ നിർത്തണം.