പുഷ്പ 2 ദ് റൂള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിലെത്തി. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 25 ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം യൂട്യൂബില്‍ കണ്ടത്.
എട്ട് മണിക്കൂര്‍ മുന്‍പാണ് ചിത്രം അപ്ലോഡ് ചെയ്തത്. ഈ വ്യാജ പതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വ്യാജ പതിപ്പ് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം കുതിക്കുന്നിതിനിടെയാണ് വ്യാജ പതിപ്പ് യൂട്യൂബിലെത്തിയത്.
922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍. ഇതില്‍ ഭൂരിഭാഗം കളക്ഷനും നേടിയിരിക്കുന്നത് ഹിന്ദി പതിപ്പില്‍ നിന്നാണ്. ഇന്നു തന്നെ ചിത്രം 1000 കോടി കടക്കുമെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കേരളത്തില്‍ 14 കോടിയാണ് പുഷ്പയുടെ കളക്ഷന്‍. അല്ലു അര്‍ജുന്റെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണിത്.
പുഷ്പ ആദ്യ ഭാഗത്തിന് കേരളത്തില്‍ നിന്ന് 11 കോടിയാണ് നേടാനായത്. കേരളത്തില്‍ നിന്ന് മാത്രം പുഷ്പ 2 ആദ്യ ദിനം 6.35 കോടി നേടി. ഇതോടെ ഈ വര്‍ഷത്തെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രവും പുഷ്പ 2വായി. മമ്മൂട്ടി ചിത്രമായ ടര്‍ബോയെ മറികടന്നായിരുന്നു പുഷ്പയുടെ ഈ നേട്ടം.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.