തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദത്തിലേയ്ക്ക് . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശികൾ കരമനയിലുള്ള പുരാതന ഓണവില്ല് കുടുംബമാണ്. ആചാര വിധി പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ച ഓണവില്ല് പിന്നീട് മറ്റൊരു അമ്പലത്തിലും സമർപ്പിയ്ക്കാൻ പാടില്ല. എന്നാൽ ഓണവില്ല് കുടുംബത്തിൽ നിന്നും നേരിട്ട് ഓണവില്ല് മറ്റ് അമ്പലങ്ങളിലേക്ക് സമർപ്പിയ്ക്കുന്നതിനോ വ്യക്തികൾക്ക് നൽകുന്നതിനോ തടസ്സമില്ല. ഇതനുസരിച്ച് അയോദ്ധ്യ ശ്രീരാമക്ഷേത്ര ആചാര്യന്മാർ ഓണവില്ല് കുടുംബത്തിന് സമർപ്പണത്തിനുള്ള അനുമതി നൽകിയിരുന്നു. ഇതിനിടിയിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭാരവാഹികൾ നേരിട്ട് അയോദ്ധ്യയിൽ ഓണവില്ല് സമർപ്പിയ്ക്കാനുള്ള നീക്കം ആരംഭിച്ചത്. കഠിനമായ വൃതോപാസന ചെയ്ത് പൂജാവിധികളും കർമ്മങ്ങളും നടത്തി ഒരു ക്ഷേത്രത്തിന് സമർപ്പിയ്ക്കുന്ന ഓണവില്ല് മറ്റൊരു ക്ഷേത്രത്തിലേക്ക് സമർപ്പിയ്ക്കാനുള്ള നീക്കം കടുത്ത ആചാരലംഘനമാണെന്ന് ഓണവില്ല് കുടുംബം ആരോപിയ്ക്കുന്നു.
ഓണവില്ല് നിർമ്മിയ്ക്കാൻ പാരമ്പര്യ വിധി പ്രകാരം ആരാണ് അവകാശികൾ ?
ഇന്നു കാണുന്ന ശ്രീപദ്മനാഭ ക്ഷേത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ എത്തിയവരാണ് കരമനയിലെ വിളയിൽ വിട് ഓണവില്ല് പിന്മുറക്കാർ . എട്ടു തലമുറകളായി ഇവർ പദ്മനാഭസ്വാമിയ്ക്ക് വേണ്ടി ഓണവില്ല് നിർമ്മിച്ചു വരുന്നു. അനന്തപദ്മനാഭൻ ആചാരി മുതൽ ബിൻ കുമാർ ആചാരിയിൽ വരെ എത്തി നിൽക്കുന്നു ആ പൈതൃകം. നാൽപ്പത്തിയൊന്നു ദിവസം കഠിനവൃതമെടുത്താണ് കുടുംബം ഓണ വില്ലുകൾ തയ്യാറാക്കുന്നത് .കുടുംബത്തിലെ മുതിർന്ന അഞ്ച് പേരാണ് ഇതിന് നേതൃത്വം നൽകുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറു തരം പ്രതിഷ്ഠകൾക്കും ഓരോ ജോഡി വീതം ഓണവില്ലുകളാണ് തയ്യാറാക്കുന്നത്. ഇങ്ങനെ രൂപപ്പെടുത്തി എടുക്കുന്ന വില്ലുകളിൽ അതാത് പ്രതിഷ്ഠകളുടെ ചിത്രം ഉണ്ടാകും.
തിരുവോണ ദിവസം പുലർച്ചെ ഈ കുടുംബം നേരിട്ട് ക്ഷേത്രത്തിലെത്തി പന്ത്രണ്ടു വില്ലും രണ്ടു വീതമായി ഓരോ വിഗ്രഹങ്ങൾക്ക് മുന്നിലും സമർപ്പിയ്ക്കും. ഇതിനുള്ള അവകാശം പാരമ്പര്യ വിധി അനുസരിച്ച് വിളയിൽ വീട്ടിൽ ഓണവില്ല് കുടുംബത്തിന് മാത്രമാണ് .ഈ ചടങ്ങിന് ശേഷം ആദ്യ ദർശനത്തിനുള്ള അവകാശം രാജകുടുംബത്തിനാണ്. ഇതിനിടെ ആചാര വിധിയും പാരമ്പര്യവും നിഷേധിച്ച് ക്ഷേത്ര ഭരണ സമിതി തന്നെ നേരിട്ട് ഓണവില്ല് വ്യാപാര അടിസ്ഥാനത്തിൽ നിർമ്മിച്ച് വിൽപ്പന നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്ന് ഓണ വില്ലിൻ്റെ പേറ്റൻറ് കൈവശമുള്ള വിളയിൽ വീട്ടിൽ കുടുംബം ക്ഷേത്രഭരണസമിതിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.