മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ വിരാട് കോലി തയ്യാറെടുക്കുന്നതായി സൂചന. ബിസിസിഐയോട് ഇക്കാര്യം അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ കോലിയും വിരമിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നതിന്റെ ആശങ്കയിലാണ് ആരാധകര്‍. വിരാട് കോലിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നുള്ള കാര്യം ബോധ്യപ്പെടുത്താന്‍ ബിസിസിഐ ഇടപെടണമെന്ന് ആരാധകര്‍.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോലി ആരാധകരുടെ പ്രതികരണങ്ങള്‍ നിറഞ്ഞു. കോലിയെ ടെസ്റ്റില്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആരാധകര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.
കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ കോലിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക. ബോര്‍ഡര്‍ ഗാവാസ്‌ക്കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.