ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു.കൊല്‍ക്കത്തയില്‍ നടന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ കുവൈത്തിനെതിരായാണ് അവസാനമായി കളിച്ചത്. മത്സരം ഇന്ത്യ സമനിലയില്‍ (0-0) അവസാനിച്ചു. ഛേത്രിയുടെ അവസാനമത്സരംത്തില്‍ ഇന്ത്യയുടെ ജയം ആരാധകര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സഫലമായില്ല.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ അംബാസിഡറായിരുന്നു 39 കാരനായ ഛേത്രി തന്റെ 19 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിട പറയുമ്പോള്‍ ഇന്ത്യക്കായി 151 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി. പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (128), ഇറാന്റെ ഇതിഹാസം അലി ഡെയ് (108), അര്‍ജന്റീനയുടെ കരിസ്മാറ്റിക് താരം ലയണല്‍ മെസ്സി (106) എന്നിവര്‍ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം.
ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ആയിരക്കണക്കിന് കാണികള്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അച്ഛന്‍ ഖാര്‍ഗ, അമ്മ സുശീല, ഭാര്യ സോനം ഭട്ടാചാര്യ എന്നിവരെ കൂടാതെ നിരവധി ഒഫീഷ്യലുകളും മുന്‍ താരങ്ങളും ഗ്യാലറിയിലെത്തി.സ്റ്റാര്‍ സ്ട്രൈക്കറുടെ പതിനൊന്നാം നമ്പര്‍ ജേഴ്സി ധരിച്ചാണ് പലരും സ്റ്റേഡിയത്തിലെത്തിയത്.
ഛേത്രിക്ക് തന്റെ അവസാന രാജ്യാന്തര മത്സരത്തില്‍ ഗോള്‍ നേടാനാകാത്തതിന്റെ ആരാധകര്‍ നിരാശയിലായി. . ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ബെംഗളൂരു എഫ്സിയുമായി അടുത്ത വര്‍ഷം വരെ കരാറുളളതിനാല്‍ ഛേത്രി ഇനിയും കളത്തിലിറങ്ങും. 2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരെ ക്വറ്റയില്‍ ഛേത്രി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്.