മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം. രോഹിത് ശര്‍മ്മയ്ക്കും വിരാട് കൊഹ്ലിക്കും ശേഷമുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. റിഷബ് പന്ത് വൈസ് ക്യാപ്റ്റനാകും. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശന്, അഭിമന്യു ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിതിന്റെ അഭാവത്തില്‍ ക്യാപ്ടനായിരുന്ന ജസ്പ്രീത് ബുംറയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയാത്തതിനാല്‍ ക്യാപ്ടന്‍സി വേണ്ടെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചതിനാലാണ് ഗില്ലലേക്ക് തിരിഞ്ഞത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ കൂടുതല്‍ കളിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചെന്ന വിവരം പുറത്തുവന്നിരുന്നു. ഐപിഎല്ലിലൊഴികെ ഇന്ത്യന്‍ ടീമിനെ ഒരു ഫോര്‍മാറ്റിലും നയിച്ചു പരിചയമില്ലെങ്കിലും എല്ലാ ഫോര്‍മാറ്റിലും സ്ഥിരത പുലര്‍ത്തുന്നതാണ് ഗില്ലിന് അനുകൂലഘടകം. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റാന്‍സിന്റെ ക്യാപ്ടനായും ബാറ്ററായും മികച്ച ഫോമിലാണ് ഗില്‍.