ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്സര്‍ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ 10-ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്സര്‍ യുവതിയുടെ ദേഹത്തു പതിച്ചത്. സ്റ്റബ്സിന്റെ ഓവര്‍ ആരംഭിക്കുമ്പോള്‍ 27 പന്തില്‍ 46 റണ്‍സുമായി സഞ്ജുവായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ലോങ് ഓണിനു മുകളിലൂടെ തകര്‍പ്പന്‍ സിക്സറിനു പറത്തി സഞ്ജു രാജകീയമായി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തിലെ സെഞ്ചറിയുടെ തിളക്കം കുറച്ച രണ്ട് തുടര്‍ ഡക്കുകള്‍ക്കു ശേഷം മലയാളി താരത്തിന് വീണ്ടുമൊരു അര്‍ധസെഞ്ചറി.
അര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ അടുത്ത പന്തില്‍ സഞ്ജുവിന്റെ വക വീണ്ടും സിക്സര്‍. ഇത്തവണ ഡീപ് മിഡ്വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തു തട്ടി യുവതിയുടെ മുഖത്തു പതിച്ചു.
പന്തു മുഖത്തു പതിച്ചതിന്റെ വേദനയില്‍ കണ്ണീരോടെ നിന്ന യുവതിക്ക് സമീപത്തുനിന്നും ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ് പായ്ക്കും മുഖത്തുചേര്ത്തുവച്ച് യുവതി കണ്ണീരോടെ നില്ക്കുന്ന ദൃശ്യം മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉടന്‍ വൈറലാവുകയും ചെയ്തു.
യുവതിയുടെ ദേഹത്തു പന്തു തട്ടിയെന്ന് തിരിച്ചറിഞ്ഞ സഞ്ജു, ക്ഷമാപണ രൂപത്തില്‍ കയ്യുയര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
Wishing a quick recovery for the injured fan! 🤕🤞
— JioCinema (@JioCinema) November 15, 2024
Keep watching the 4th #SAvIND T20I LIVE on #JioCinema, #Sports18 & #ColorsCineplex 👈#JioCinemaSports pic.twitter.com/KMtBnOa1Hj