മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. നേരത്തെ ടി20യില്‍ നിന്നും വിരമിച്ച താരം ഏകദിന ഫോര്‍മാറ്റില്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
‘എല്ലാവര്‍ക്കും നമസ്‌കാരം, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന വിവരം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും’ 38-കാരനായ രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.
രോഹിതിന്റെ വിരമിക്കല്‍ പ്രഖ്യാപന സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ഹൃദയം നുറുങ്ങുന്ന ഇമോജിയാണ് ഭാര്യ റിതിക നല്‍കിയത്. രോഹിതിന്റെ പോസ്റ്റും റിതിക ഷെയര്‍ ചെയ്തു. രോഹിതിന്റെ കരിയറിലുടനീളം വലിയ പിന്തുണയാണ് റിതിക നല്‍കിയിരുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ കയ്യടികളുമായി റിതികയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.