ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരന്‍. സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ഡിസംബര്‍ 22-ന് രാജസ്ഥാനിനെ ഉദയ്പുരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ വിവാഹ സത്കാരം നടക്കും.
ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ പറഞ്ഞു. 2016, 2020 ഒളിമ്പിക്‌സുകളില്‍ മെഡല്‍ജേതാവായ 29-കാരി കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. എന്നാല്‍, കഴിഞ്ഞദിവസം സയ്യിദ് മോദി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ കിരീടം നേടി.
ജനുവരിയില്‍ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിനുമുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും രമണ പറഞ്ഞു.